കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 30 വര്‍ഷം. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളെയും ശാസ്ത്രീയ തെളിവുകളെയും ആശ്രയിച്ചാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. സമ്പത്തും സ്വാധീനവും കേസിന്റെ ഗതിമാറ്റിയെങ്കിലും പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. 1992 മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് അഭയയുടെ വിറങ്ങലിച്ച ശരീരം കാണുന്നത്. ബിസിഎം കോളജിലെ പ്രിഡിഗ്രി വിദ്യാര്‍ഥിയായിരുന്നു അഭയ.
കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്. തുടക്കത്തില്‍ ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷണം നടത്തിയത്. ലോക്കല്‍ പോലീസ് പതിനേഴ് ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവുമാണ് അന്വേഷണം നടത്തി. 1993 മാര്‍ച്ച് 29ന് കേസ് ഏറ്റെടുത്ത് സിബിഐ അന്വേഷണം ആരംഭിച്ചു.
മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ മേലുദ്യോഗസ്ഥന്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന സിബിഐ ഓഫീസറുടെ തുറന്നുപറച്ചിലിലൂടെയാണ് കേസ് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. 16 വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ 2008 നവംബറില്‍ അറസ്റ്റ് ചെയ്തത്. ഇവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി 2009 ജൂലൈയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചനയ്ക്കും ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെടി മൈക്കിളിനെ നാലാം പ്രതിയാക്കി.
ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസില്‍ വിചാരണ നേരിട്ട പ്രതികള്‍. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണയ്ക്കു മുമ്പ് കുറ്റവിമുക്തനാക്കി. നാലാം പ്രതി ആഗസ്റ്റിന്‍ വിചാരണയ്ക്കു മുമ്പു മരിച്ചു. 2019 ഓഗസ്റ്റ് 26 നാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ അഭയ കേസിന്റെ വിചാരണ ആരംഭിച്ചത്.
വിചാരണയ്‌ക്കൊടുവില്‍ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കു ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം), 201 (തെളിവു നശിപ്പിക്കല്‍), 449 (അതിക്രമിച്ചുകടക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. സിസ്റ്റര്‍ സെഫിയും താനും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ് കഴിഞ്ഞിരുന്നതെന്നും രാത്രികാലങ്ങളിലായിരുന്നു സമ്പര്‍ക്കമെന്നും ഫാദര്‍ തോമസ് കോട്ടൂര്‍ പൊതുപ്രവര്‍ത്തകന്‍ കളര്‍കോട് വേണുഗോപാലിനോടു സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞിരുന്നു.
വേണുഗോപാലിന്റെ മൊഴിയും സംഭവം നടന്ന ദിവസം മോഷണത്തിനായി കോണ്‍വെന്റില്‍ എത്തിയ രാജുവിന്റെ മൊഴിയും സിസ്റ്റര്‍ സെഫിയുടെ വൈദ്യപരിശോധനാ ഫലവും കണക്കിലെടുത്താണ് കോടതി ഈ നിഗമനത്തില്‍ എത്തിയത്. പ്രതികള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സിസ്റ്റര്‍ അഭയ കണ്ടെന്നും ഇതു പുറത്തുപറയുമെന്ന ഭയത്തില്‍ കൊല നടത്തിയെന്നുമാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതു കോടതി പൂര്‍ണമായും ശരിവച്ചു.