കണ്ണില്ലാത്ത ക്രൂരത; മൂന്നു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന് വയലില്‍ തള്ളി

ലക്‌നോ: മൂന്നു വയസുള്ള പിഞ്ച് കുഞ്ഞിനെ മാനംഭഗപ്പെടുത്തിയ ശേഷം കഴുത്തുഞെരിച്ച് കൊന്ന് വയലില്‍ തള്ളി. യു.പിയിലെ ലാഖിംപുര്‍ ഖേരിയിലാണ് സംഭവം. ജില്ലയില്‍ 20 ദിവസത്തിനിടെ സമാനമായ മൂന്നാമത്തെ സംഭവമാണിത്.

ബുധനാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. കുട്ടിയുടെ വീട്ടില്‍ നിന്നും അരകിലോമീറ്റര്‍ മാറി വയലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. പഴയ വൈരാഗ്യത്തിന്റെ പേരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് പിതാവ് പറയുന്നത്.

രണ്ടാഴ്ച മുന്‍പ് 17 വയസുള്ള പെണ്‍കുട്ടിയും പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടിയെ ഗ്രാമത്തിനു വെളിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഗ്രാമത്തില്‍ നിന്നും 200 മീറ്റര്‍ മാറി പൊട്ടക്കിണറ്റിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു.

ജില്ലയില്‍ 13 വയസുള്ള പെണ്‍കുട്ടിയും പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. വയലില്‍പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചുവന്നില്ല. കരിമ്പ് കൃഷി ചെയ്യുന്ന വയലിലാണ് മൃതദേഹം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News