ജന്മദിനാഘോഷത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ് മൂന്നു വയസുകാരനു ദാരുണാന്ത്യം
ടെക്‌സസ്: ജന്മദിനാഘോഷത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ് മൂന്നു വയസ്സുകാരനു ദാരുണാന്ത്യം. ജന്മദിനാഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ കുടുംബാംഗങ്ങളില്‍ ഒരാളുടെ പോക്കറ്റില്‍ നിന്നും വീണ തോക്കെടുത്ത് സ്വയം നെഞ്ചില്‍ വച്ചു അബദ്ധത്തില്‍ കുട്ടി കാഞ്ചിവലിക്കുകയായിരുന്നു.
വെടിയേറ്റ കുട്ടിയെ ഉടന്‍ തൊട്ടടുത്തുള്ള ഫയര്‍ സ്റ്റേഷനില്‍ എത്തിച്ചു പ്രഥമ ശുശ്രൂഷകള്‍ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വീടിന്റെ മുന്‍വശത്തിരുന്ന് ചീട്ടു കളിക്കുകയായിരുന്നു കുടുംബാംഗങ്ങളാണ് വെടിപൊട്ടുന്ന ശബ്ദം കേട്ടത്. ഒക്ടോബര്‍ 24 ശനിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവമെന്ന് മോണ്ട് ഗോമറി കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.
നോര്‍ത്ത് ഈസ്റ്റ് ഹൂസ്റ്റണില്‍ നിന്നും 25 മൈല്‍ ദൂരെയുള്ള പോര്‍ട്ടറിലുള്ള വീട്ടിലാണ് സംഭവം നടന്നത്. മുതിര്‍ന്നവര്‍ തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതാണ് ഇത്തരം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതെന്ന് ഷെറിഫ് ഓഫീസ് പറഞ്ഞു. തോക്കുകള്‍ കൈവശം വയ്ക്കുന്നവര്‍ വീട്ടിലാണെങ്കില്‍ കുട്ടികള്‍ക്ക് ലഭിക്കാത്ത സ്ഥലങ്ങളില്‍ ഭദ്രമായി സൂക്ഷിക്കണമെന്നും പുറത്തുകൊണ്ടുപോകുന്നവര്‍ ലോക്ക് ചെയ്തു വയ്ക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
ഈ വര്‍ഷം 229 ഇത്തരം വെടിവയ്പുകള്‍ സംഭവിച്ചതില്‍ 87 കുട്ടികള്‍ മരിക്കുകയും, 137 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.