നെടുങ്കണ്ടം: ബന്ധുവീട്ടിലെത്തിയ 13 വയസുകാരന്‍ ടെറസിന്റെ മുകളില്‍ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ വില്ലന്‍ വിഡിയോ ഗെയിം എന്നു സംശയം. കഴുത്തില്‍ കയര്‍ കുരുങ്ങിയിരുന്നതു കൂടാതെ കാലില്‍ കയര്‍ കെട്ടിയിരുന്നതാണ് വിഡിയോ ഗയിമിന്റെ ഭാഗമായുള്ള ടാസ്‌ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണമെന്ന സംശയം ഉയര്‍ത്തിയിരിക്കുന്നത്.
സമീപത്ത് ഒരു കസേരയും ഉണ്ടായിരുന്നു. ടാസ്‌ക് ചെയ്യുന്നതിനിടെയുള്ള അപകടത്തിലാകാം കുട്ടിയുടെ മരണമെന്ന സംശയത്തിലാണ് പോലീസ്. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിക്കാനായി കസ്റ്റഡിയില്‍ വാങ്ങും. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്പ് – സൗമ്യ ദന്പതികളുടെ മകന്‍ ജെറോള്‍ഡ് (അപ്പു – 13) ആണ് നെടുങ്കണ്ടത്തെ ബന്ധുവീട്ടില്‍ മരിച്ചത്.
ബിജു ഫിലിപ്പിന്റെ സഹോദരിയുടെ നെടുങ്കണ്ടത്തെ വീട്ടിലാണ് അപകടം നടന്നത്. കഴിഞ്ഞ ഒരുമാസമായി ജെറോള്‍ഡ് ഇവിടെയായിരുന്നു താമസം. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു ശേഷമാണ് അപകടം. ജെറോള്‍ഡിനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ വീടിന്റെ താഴത്തെ നിലയില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ബിജുവിന്റെ സഹോദരിയും വീടിനുള്ളിലായിരുന്നു. സഹോദരീഭര്‍ത്താവ് ബിജു ലൂക്കോസ് മുല്ലപ്പെരിയാര്‍ ഡാം സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ്.
ഇവരുടെ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞിട്ടും ജെറോള്‍ഡിനെ കാണാതെ വന്നതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ടെറസിനു മുകളില്‍ കയറില്‍ കുരുങ്ങിയ നിലയില്‍ ജെറോള്‍ഡിനെ കണ്ടത്. വാഴവര സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ച ജെറോള്‍ഡ്. ജെവിന്‍ ഏക സഹോദരനാണ്. നെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ കാലില്‍ കുരുങ്ങിയ കയറും പോലീസ് ശേഖരിച്ചിട്ടുണ്ട്.