ആലുവ: ലോക്ക്ഡൗണ്‍ കാലത്തെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ഓണ്‍ലൈന്‍ ഗെയിം കളിയിലൂടെ അമ്മയുടെ അക്കൗണ്ടില്‍ നിന്നു നഷ്ടപ്പെട്ടത് മൂന്നു ലക്ഷത്തോളം രൂപ. പണം നഷ്ടപ്പെട്ടെന്ന വീട്ടമ്മയുടെ പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് പണം ചോര്‍ന്ന വഴി കണ്ടെത്തിയത്.
ആലുവ സ്വദേശിയായ വിദ്യാര്‍ഥി അമ്മയുടെ ബാങ്ക് അക്കൗണ്ട് പാസ് വേഡ് ഉപയോഗിച്ച് മൊബൈല്‍ ഫോണിലൂടെയാണ് ഗെയിം കളിച്ചത്. 40 രൂപ മുതല്‍ നാലായിരം രൂപ വരെ ഒരുസമയം ചാര്‍ജ് ചെയ്തായിരുന്നു കളി. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടില്‍ നിന്നു പണം പോകുന്നതായി അറിഞ്ഞത്.
തുടര്‍ന്നു ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ഫ്രീ ഫയര്‍ എന്ന ഗെയിം കളിച്ചാണ് പണം നഷ്ടപ്പെടുത്തിയതെന്നു കണ്ടെത്തി. ഒരു ദിവസംതന്നെ പത്തു പ്രാവശ്യം വരെ ഈ വിദ്യാര്‍ഥി ചാര്‍ജ് ചെയ്തിരുന്നു. ഇതുപോലെ നിരവധി പരാതികള്‍ ലഭിച്ച പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ബോധവത്കരണം നടത്തുമെന്ന് എസ്പി കാര്‍ത്തിക് പറഞ്ഞു.
കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ ഇടയ്ക്കിടയ്ക്ക് പരിശോധിക്കണം. മാതാപിതാക്കള്‍ക്ക് കൂടി അറിയുന്ന യൂസര്‍ ഐഡിയും പാസ് വേഡുകളും മാത്രമേ അക്കൗണ്ടുകളിലും ഫോണ്‍ ലോക്കിലും ഉപയോഗിക്കാവു.
നിരോധിച്ച ഗെയിമുകളും ആപ്പുകളും ഉപയോഗിക്കുന്നില്ലെന്നു ശ്രദ്ധിക്കണം. പരിചയമില്ലാത്ത ആപ്പുകള്‍ മൊബൈലില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. കുട്ടികള്‍ പഠനാവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന ഫോണില്‍ പേരന്റില്‍ കണ്‍ട്രോള്‍ ആയ ഈമെയില്‍ ക്രിയേറ്റ് ചെയ്യണം. മാതാപിതാക്കളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് അക്കൗണ്ടുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കരുതെന്നും എസ്പി പറഞ്ഞു.