കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് മൂന്ന് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോഗ്രാമിലധികം സ്വർണം പിടികൂടി. 900 ഗ്രാം സ്വർണമാണ് അവസാനം പിടികൂടിയത്. ഇന്ന് രാവിലെ ജിദ്ദയിൽ നിന്നുള്ള വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തിയ മറ്റ് രണ്ട് യാത്രക്കാരിൽ നിന്നും സ്വർണം പിടികൂടിയിരുന്നു.
കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. മലപ്പുറം സ്വദേശി അഹമ്മദാണ് 900 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ദുബൈയിൽ നിന്നുള്ള യാത്രക്കാരനായിരുന്നു ഇയാൾ. ജിദ്ദയിൽ നിന്നെത്തിയ ഒരു യാത്രക്കാരനാണ് ഇന്ന് രാവിലെ 1.059 കിലോ സ്വർണവുമായി പിടിയിലായത്. മലപ്പുറം സ്വദേശി ഫസലാണ് ഈ സംഭവത്തിൽ പിടിയിലായത്.
ദുബൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ഫാസിറാണ് പിടിയിലായ മറ്റൊരാൾ. 1.15 കിലോ സ്വർണമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് മൂന്ന് പേരും സ്വർണം കൊണ്ടുവന്നത്. ഇവർ മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് മാഫിയയുടെ ആളുകളാണെന്നാണ് കസ്റ്റംസിന്റെ സംശയം.