ചണ്ഡീഗഢ്: ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹരിയാണയിലെ ബിജെപി സർക്കാരിനെ പ്രതിസന്ധിയിലാക്കി മൂന്ന് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചു. ഇതോടെ ഇതോടെ 90 അംഗ നിയമസഭയിൽ ബിജെപി സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി.
കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുന്നതായും ഹരിയാണ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായും എംഎൽഎമാർ അറിയിച്ചു. നിയമസഭയിൽ എൻഡിഎ സഖ്യസർക്കാരിന്റെ എംഎൽഎമാരുടെ എണ്ണം 42 ആയി കുറഞ്ഞു. കോൺഗ്രസ് ഉൾപ്പെട്ട ഇന്ത്യ സഖ്യത്തിന് 34 എംഎൽഎമാർ ആണുള്ളത്.
ഹരയാണ കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ, ഹരിയാണ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ എന്നിവർ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് എംഎൽഎമാർ തീരുമാനം വ്യക്തമാക്കിയത്. കർഷകരുടെ വിവിധ വിഷയങ്ങൾകൂടി പരിഗണിച്ചുകൊണ്ടാണ് തങ്ങളുടെ നീക്കമെന്നും അവർ പറഞ്ഞു. സഭയിൽ കേവലഭൂരിപക്ഷം ഇല്ലാതായതിനാൽ നയാബ് സിങ് സൈനി സർക്കാർ ഉടൻ രാജിവെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ ആവശ്യപ്പെട്ടു.
നേരത്തേ, മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള സർക്കാർ രാജിവെച്ചതിനുശേഷം നയാബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള സർക്കാർ വന്നപ്പോൾ മുമ്പ് ബി.ജെ.പിക്ക് ജെ.ജെ.പി എംഎൽഎമാരുടെ പിന്തുണ നഷ്ടമായിരുന്നു. 10 എംഎൽഎമാർ ആണ് ജെജെപിക്കുള്ളത്. അതിനാൽ ജെജെപി എംഎൽഎമാരുടെ തീരുമാനം ഹരിയാണയിൽ നിർണായകമാകും.