31.1 C
Kottayam
Tuesday, May 14, 2024

യുപിയിൽ 3 ദിവസം, 54 മരണം: ചൂടോ,ജലമോ?അന്വേഷണവുമായി സര്‍ക്കാര്‍

Must read

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബാലിയ ജില്ലയിൽ 3 ദിവസത്തിനിടെ 54 പേർ മരിച്ചത് താപനില ഉയർന്നതു മൂലമല്ലെന്ന് അന്വേഷണ കമ്മിറ്റി അംഗം. ജില്ലയിൽ 54 പേർ മരിക്കുകയും നാനൂറോളം പേരെ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.

മരണകാരണം പലതാണെങ്കിലും ഉയർന്ന ചൂടും കാരണമാണെന്നാണ് ഇവരെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞത്. എന്നാൽ ചൂട് മരണകാരണമാകാമെന്ന വാദം തള്ളിയിരിക്കുകയാണ് അന്വേഷണ കമ്മിറ്റിക്കു നേതൃത്വം നൽകുന്ന ലക്നൗവിൽനിന്നുള്ള മുതിർന്ന ഡോക്ടർ.

‘‘പ്രഥമദൃഷ്ട്യാ മരണങ്ങളൊന്നും ചൂട് കൂടിയതു മൂലാണെന്ന് പറയാനാകില്ല. തൊട്ടടുത്തുള്ള ജില്ലകളിലും ഇത്തരത്തിൽ രോഗങ്ങൾ കാണപ്പെടുന്നുണ്ടെങ്കിലും അവിടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മിക്കവരുടെയും ആദ്യ രോഗലക്ഷണം നെഞ്ചുവേദനയാണ്, അത് ഒരിക്കലും അമിത ചൂട് എറ്റതിന്റെ ആദ്യ ലക്ഷണമല്ല’’– മുതിർന്ന ഡോക്ടർ എ.കെ.സിങ് അഭിപ്രായപ്പെട്ടു. ‌‌

ഈ മരണങ്ങൾ ചിലപ്പോൾ ജലവുമായി ബന്ധപ്പെട്ടും ആകാമെന്ന് എ.കെ.സിങ് അറിയിച്ചു. ജലമാണോ കാരണം അതോ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും അന്വേഷിക്കണം. പരിശോധിക്കുന്നതിനായി കാലാവസ്ഥാ വകുപ്പ് എത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

രാവിലെ ബാലിയയിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് റാങ്കിലുള്ള ഡോക്ടറെ തൽസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഉയർന്ന താപനിലയാകാം മരണകാരണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന പ്രചരിച്ചതിനു പിന്നാലെയായിരുന്നു നടപടി. കൃത്യമായ വിവരം ലഭിക്കാതെ ഇത്തരം പ്രസ്താവനകൾ നടത്തിയതിനാണ് അദ്ദേഹത്തെ നീക്കിയതെന്ന് യുപി ആരോഗ്യമന്ത്രി ബ്രജേഷ് പഥക് പ്രതികരിച്ചു.

ബാലിയയിലെ മരണങ്ങൾക്കു കാരണം യുപി സർക്കാരിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തുവന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week