യുക്രൈനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ മലയാളികളെ കേരളത്തിലെത്തിക്കാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍

തിരുവനന്തപുരം: യുക്രൈനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ വിമാനം രാവിലെ 9.30ന് ഡല്‍ഹിയില്‍ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡെല്‍ഹിയില്‍ നിന്ന് പുറപ്പെടും.

കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും ബസ് സര്‍വീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്കയുടെ പ്രത്യേക ടീമുകള്‍ പ്രവര്‍ത്തനനിരതമാണ്.

അതേസമയം, യുക്രൈന്‍ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള മൂന്ന് വിമാനങ്ങള്‍ ഇന്ന് പുലര്‍ച്ചെ എത്തി. ആദ്യ വിമാനത്തില്‍ 200 യാത്രക്കാരും രണ്ടാം വിമാനത്തില്‍ 220 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. മൂന്നാം വിമാനത്തില്‍ 208 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

മൂന്ന് വ്യോമസേന വിമാനങ്ങളിലായി ഇന്ന് 628 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. അടുത്ത 24 മണിക്കൂറില്‍ 15 രക്ഷാദൗത്യ വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തും. ഹംഗറിയില്‍ നിന്നും റൊമേനിയയില്‍ നിന്നുമാണ് ഈ വിമാനങ്ങളെത്തുക. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി സി 17 വിമാനങ്ങളാണ് യുക്രൈനിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സര്‍വീസ് നടത്തുന്നത്.

യുദ്ധം എട്ടാം ദിവസവും തുടരുന്ന പശ്ചാത്തലത്തില്‍ യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കും. അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ റഷ്യന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖാര്‍ക്കീവില്‍ നിന്ന് ദൈര്‍ഘ്യം കുറഞ്ഞ മാര്‍ഗം വഴി ഇന്ത്യക്കാരെ റഷ്യയിലെത്തിക്കാനാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിനുമായി നടത്തിയ നിര്‍ണായക ചര്‍ച്ചയിലാണ് തീരുമാനം.

അതേസമയം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന്‍ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തി. റഷ്യന്‍ അതിര്‍ത്തികളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കടത്തിവിടാത്തത് യുക്രൈനാണെന്നും റഷ്യ ആരോപിച്ചു.മനുഷ്യകവചമെന്ന റഷ്യയുടെ ആരോപണം തള്ളി യുഎസും രംഗത്തെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News