ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കുള്ള തടസം നീക്കി സുപ്രീം കോടതി. ഡല്‍ഹിയില്‍ ബഹുനില കെട്ടിടങ്ങള്‍ പണിയാനുള്ള സ്റ്റേ മൂലമാണ് പദ്ധതി തടസപ്പെട്ടത്. കോടതി പദ്ധതിക്ക് അനുമതി നല്‍കി. പാരിസ്ഥിതിക അനുമതിയും ഭൂവിനിയോഗത്തിലെ മാറ്റവും കോടതി അംഗീകരിച്ചു. വിസ്ത പദ്ധതിക്ക് എതിരെയുള്ള ഹര്‍ജി പരിഗണിച്ച മൂന്നംഗ ബഞ്ചിന്റെയാണ് തീര്‍പ്പ്. ഒരംഗത്തിന്റെ വിയോജിപ്പോടെയാണ് വിധി.
ഡിസംബര്‍ പത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാന്‍ സുപ്രിം കോടതി അനുമതി നല്‍കിയിരുന്നെങ്കിലും തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിരുന്നില്ല. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സഞ്ജിവ് ഖന്ന എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് പത്ത് ഹര്‍ജികളാണ് സുപ്രിം കോടതിക്ക് മുന്നില്‍ എത്തിയത്. സഞ്ജിവ് ഖന്നയാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. അന്തരീക്ഷ മലിനീകരണം നടത്താന്‍ പാടില്ലെന്നും കോടതി.
പുതുതായി പണിയുന്ന ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റും അതിന് സമീപം മൂന്നര കിലോ മീറ്റര്‍ ചുറ്റളവില്‍ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസും അടങ്ങുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി. പത്ത് മന്ദിരങ്ങളിലായി 51 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ 51,000 ജീവനക്കാരും ജോലി ചെയ്യും. ഇവര്‍ക്കായി എല്ലാ മന്ദിരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗര്‍ഭ മെട്രോ പാത, അത്യാധുനിക സൗകര്യങ്ങളും കോണ്‍ഫറന്‍സ് സെന്ററുകളും ലാന്‍ഡ്സ്‌കേപ് ലോണ്‍സും എല്ലാം ഉള്‍പ്പെടുന്ന സംവിധാനം, എന്നിങ്ങനെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
20,000 കോടി രൂപയിലേറെ മുടക്കിയാകും പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. കൊവിഡും സാമ്പത്തിക ഞെരുക്കവുമെല്ലാം പിടിമുറുക്കിയ പശ്ചാത്തലത്തില്‍ എന്തിന് ഇത്തരമൊരു പദ്ധതിയെന്ന ചോദ്യമാണ് ഉയരുന്നത്. 1962ലെ ഡല്‍ഹി മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചു പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ മേഖലയിലാണ് നിര്‍മാണം.