എറണാകുളം : വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി കൊച്ചി കോര്‍പറേഷനിലും വിവിധ നഗരസഭകളിലുമായി 2000 ഓളം വീടുകള്‍ കണ്ടെത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മന്ത്രി വി. എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടത്തിയ അവലോകന യോഗത്തിലാണ് മുന്‍സിപ്പാലിറ്റി, കോര്പറേഷന് പരിധിയില്‍ കണ്ടെത്തിയ വീടുകളുടെ വിവരം കൈ മാറിയത്.
1823 അപ്പാര്‍ട്മെന്റുകളും 109 വീടുകളുമാണ് കണ്ടെത്തിയിട്ടുള്ളത്. 21000 ഓളം പേരാണ് മുന്‍സിപ്പാലിറ്റി പരിധിയില്‍ വിദേശത്ത് നിന്ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. കണ്ടെത്തിയ വീടുകളുടെ പട്ടിക പ്രത്യേകമായി സൂക്ഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. ജില്ലയിലെ പഞ്ചായത്തുകളില്‍ 4701 വീടുകള്‍ മുന്‍പ് കണ്ടെത്തിയിരുന്നു.
ജില്ലയിലെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്കി. ജില്ല കളക്ടര്‍ എസ്. സുഹാസ്, സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, അസിസ്റ്റന്റ് കളക്ടര്‍ എം. എസ് മാധവിക്കുട്ടി, എസ്. പി കെ കാര്‍ത്തിക്, ഡി സി. പി ജി പൂങ്കുഴലി, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.