ലോക്ക് ഡൗണ്‍ ലംഘിച്ച് ഫുട്‌ബോള്‍ മത്സരം; ഒടുവില്‍ യുവാക്കള്‍ ഡ്രോണ്‍ ക്യാമറയില്‍ കുടുങ്ങി

മലപ്പുറം: ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ച് ഫുട്‌ബോള്‍ കളിച്ച യുവാക്കള്‍ പോലീസിന്റെ ഡ്രോണ്‍ ക്യാമറയില്‍ കുടുങ്ങി. മലപ്പുറം വണ്ടൂരിനടുത്ത് പോരൂരിലാണ് ഇരുപതിലധികം ചെറുപ്പക്കാര്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ഒരു മാസത്തിലധികമായി ഫുട്‌ബോള്‍ കളിച്ചത്.

ലോക്ക്ഡൗണിന്റെ ഭാഗമായി പോരൂര്‍ പൂത്രക്കോവ് പൂക്കടംപാടം വഴി റോന്തു ചുറ്റുമ്പോഴാണ് കൂട്ടം ചേര്‍ന്നുളള യുവാക്കളുടെ ശബ്ദം ശ്രദ്ധയില്‍പ്പെട്ടത്. കൈവശമുണ്ടായിരുന്ന ഡ്രോണ്‍ ക്യാമറ പറത്തി നോക്കിയതോടെ ഇരുപതിലധികം പേര്‍ ചേര്‍ന്ന് മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നു. അപ്രതീക്ഷിതമായി പറന്നു വരുന്ന ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഗ്രൗണ്ടില്‍ നിന്ന് ചെറുപ്പക്കാര്‍ ഓടി രക്ഷപ്പെട്ടു.

ലോക്ക്ഡൗണ്‍ അവഗണിച്ചുകൊണ്ട് എല്ലാ ദിവസവും മൈതാനത്ത് ഒരു കൂട്ടം ചെറുപ്പക്കാര്‍ ഫുട്‌ബോള്‍ കളിച്ചിരുന്നതായി പിന്നാലെ നാട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തി. കൂട്ടം കൂടി പന്തു കളിക്കരുതെന്ന് പലരും വിലക്കിയെങ്കിലും ചെറുപ്പക്കാര്‍ അവഗണിക്കുകയായിരുന്നു. ഫുട്‌ബോള്‍ കളിച്ച എല്ലാവരുടേയും പേരു വിരങ്ങള്‍ ശേഖരിച്ച് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News