ദുബായ്: ബംഗ്ലാദേശിന് എതിരായ മൂന്നാം ഏകദിനത്തിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെതിരെ ഐസിസിയുടെ കടുത്ത നടപടി. അടുത്ത രണ്ട് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ഹര്‍മനെ വിലക്കിയ ഐസിസി മാച്ച് ഫീയുടെ 75 ശതമാനം പിഴയും വിധിച്ചിട്ടുണ്ട്.
ഇതോടെ താരത്തിന് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ തുടക്കത്തിലെ രണ്ട് മത്സരങ്ങള്‍ നഷ്‌ടമാകും. മത്സരത്തില്‍ പുറത്തായതില്‍ സ്റ്റംപുകള്‍ തട്ടിത്തെറിപ്പിച്ച് പ്രതിഷേധിച്ചു, മത്സര ശേഷം സമ്മാനവേളയില്‍ അംപയര്‍മാരെ പരസ്യമായി വിമര്‍ശിച്ചു എന്നീ രണ്ട് വ്യത്യസ്‌ത കുറ്റങ്ങളിലാണ് ഹര്‍മനെതിരെ കടുത്ത നടപടി പ്രഖ്യാപിച്ചിരിക്കുന്നത്.
ധാക്കയിലെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 34-ാം ഓവറില്‍ സ്‌പിന്നര്‍ നഹിദ അക്‌തറിന്‍റെ പന്തില്‍ എല്‍ബിയില്‍ പുറത്തായ ശേഷം അംപയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്റ്റംപ് തട്ടിത്തെറിപ്പിച്ചതാണ് ഹര്‍മന്‍പ്രീത് ചെയ്‌ത ആദ്യ കുറ്റം എന്നാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍. ഡ്രസിംഗ് റൂമിലേക്ക് പോകുംവഴി അംപയര്‍ തന്‍വീര്‍ അഹമ്മദിനോട് കയര്‍ക്കുകയും ചെയ്‌തത് ഇന്ത്യന്‍ ക്യാപ്റ്റന് ഇരട്ട തിരിച്ചടിയായി.
മൈതാനത്ത് വച്ചുള്ള മോശം പെരുമാറ്റത്തില്‍ ലെവല്‍ 2 കുറ്റം ഹര്‍മന്‍ ചെയ്‌തതായി ഐസിസി എലൈറ്റ് പാനല്‍ മാച്ച് റഫറി അക്‌തര്‍ അഹമ്മദ് റിപ്പോര്‍ട്ട് ചെയ്‌തതോടെ ഈ സംഭവത്തിന്‍റെ പേരില്‍ താരത്തിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്‍റുകളുമാണ് വിധിച്ചിരിക്കുന്നത്. ഐസിസി പെരുമാറ്റ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.8 താരം ലംഘിച്ചതായാണ് കണ്ടെത്തല്‍.
മത്സര ശേഷം സമ്മാനവേളയില്‍ അംപയറിംഗിനെ പരസ്യമായി വിമര്‍ശിച്ചതാണ് ഹര്‍മന്‍ ചെയ്‌തതായി തെളിഞ്ഞിരിക്കുന്ന രണ്ടാമത്തെ കുറ്റം. ലെവല്‍ 1 കുറ്റം കണ്ടെത്തിയിരിക്കുന്ന ഈ സംഭവത്തിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്‍റും ഹര്‍മന്‍പ്രീതിനെതിരെ ചുമത്തി. ഇതോടെ രണ്ട് സംഭവങ്ങളിലുമായി ഹര്‍മനെതിരെ മാച്ച് ഫീയുടെ ആകെ 75 ശതമാനം തുക പിഴയും നാല് ഡീമെറ്റിറ്റ് പോയിന്‍റുമായി ശിക്ഷ.
നാല് ഡീമെറ്റിറ്റ് പോയിന്‍റ് ലഭിച്ചതോടെയാണ് രണ്ട് മത്സരങ്ങളില്‍ വിലക്ക് ഹര്‍മന്‍ നേരിടേണ്ടിവരുന്നത്. ഇരു സംഭവങ്ങളിലും ഹര്‍മന്‍പ്രീത് കുറ്റം സമ്മതിച്ചതിനാല്‍ ഐസിസി താരത്തോട് വിശദീകരണം തേടില്ല. രണ്ട് രാജ്യാന്തര മത്സരങ്ങളില്‍ വിലക്ക് നേരിടുന്നതോടെ ഹര്‍മന്‍പ്രീത് കൗറില്ലാതെ വേണം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ടീമിന് പോരാട്ടം തുടങ്ങാന്‍. ചൈനയില്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 8 വരെയാണ് ട്വന്‍റി 20 ഫോര്‍മാറ്റില്‍ ഏഷ്യന്‍ ഗെയിംസ് മത്സരങ്ങള്‍.