ചണ്ഡീഗഢ്; ബി.ജെ.പി യില്‍ ചേര്‍ന്ന് ഒരു മാസത്തിനുള്ളില്‍ ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ രണ്ട് എ.എ.പി കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നു. കൗണ്‍സിലര്‍മാരായ പൂനം ദേവി, നേഹ മുസാവത് എന്നിവരാണ് എ.എ.പി യിലേക്ക് മടങ്ങിയെത്തിയത്.
ഫെബ്രുവരി 18-നാണ് ഇവരടക്കം മൂന്ന് കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേരുന്നത്. ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റില്‍ തിരുമറി കാണിച്ച റിട്ടേണിങ് ഓഫീസര്‍ അനില്‍ മസീഹിനെ സുപ്രീം കോടതി പ്രോസിക്യൂട്ട് ചെയ്യുമെന്ന് പറഞ്ഞതിന് ഒരു ദിവസം മുമ്പാണ് കൗണ്‍സിലര്‍മാരുടെ ബി.ജെ.പി പ്രവേശം. എഎപിയുടെ കുല്‍ദീപ് കുമാറിനെ മേയാറായി പിന്നീട് സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞയാഴ്ച നടന്ന സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയാണ് വിജയിച്ചത്. ഈ തിരഞ്ഞെടുപ്പുകളില്‍ പൂനം ദേവിയുടേയും മുസാവത്തിന്റേയും വോട്ടുകള്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. 35-അംഗ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മൂന്ന് എ.എ.പി കൗണ്‍സിലര്‍മാരുടെ വരവോടെ ബി.ജെ.പിയുടെ ശക്തി 17-ആയി ഉയര്‍ന്നു.
കോണ്‍ഗ്രസ്-എ.എ.പി സഖ്യത്തിനും 17-അംഗങ്ങളാണുള്ളത്. ഛണ്ഡീഗഢ് എംപിക്കും വോട്ട് ചെയ്യാന്‍ കഴിയുമായിരുന്നു. അദ്ദേഹത്തിന്റെ വോട്ടും ശിരോമണി അകാലിദള്‍ കൗണ്‍സിലറുടെ വോട്ടും ലഭിച്ചതോടെ 19 വോട്ടുകള്‍ പിടിച്ച് ബി.ജെ.പിയുടെ കുല്‍ജീത്ത് സിങ് സീനിയര്‍ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
ബി.ജെ.പി യില്‍ ചേര്‍ന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ പൂനം ദേവി ആം ആദ്മി കള്ളന്‍മാരുടെ പാര്‍ട്ടിയാണെന്നും വിമര്‍ശിച്ചിരുന്നു.
തെറ്റിധാരണകള്‍ സംഭവിക്കാമെന്നും തിരിച്ചുവരവില്‍ സന്തോഷമുണ്ടെന്നും ഞായറാഴ്ച എ.എപിയിലേക്ക് മടങ്ങിവന്നതിന് ശേഷം ഇരുവരും പ്രതികരിച്ചു. ഇവര്‍ക്കൊപ്പം ബി.ജെ.പിയിലേക്ക് ചേര്‍ന്ന് മൂന്നാമത്തെ കൗണ്‍സിലര്‍ ഗുര്‍ചരണ്‍ കാല നിലവില്‍ ബി.ജെ.പിയില്‍ തന്നെയാണ്.