പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയത്തില്‍ വീഴ്ത്തിയത് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19കാരന്‍ അറസ്റ്റില്‍

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഇടയാടിപ്പറമ്പില്‍ വിഷ്ണു ആണ് പിടിയിലായത്. അതേസമയം, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയാണ് വിഷ്ണു ബന്ധുവായ പെണ്‍കുട്ടിയെ പ്രണയത്തില്‍ വീഴ്ത്തിയതെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്താണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരുള്ള തന്റെ ബന്ധുവീട്ടില്‍ എത്തിയത്. ഈ സമയത്താണ് പ്രതിയായ 19 കാരന്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. നിരന്തരം പ്രണയ അഭ്യര്‍ത്ഥന നടത്തിയിട്ടും വഴങ്ങാന്‍ പെണ്‍കുട്ടി തയാറായില്ല. തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് വിഷ്ണു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സൗഹൃദത്തിലായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി നിരന്തരം പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് കേസ്.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ പോലീസ് കേസെടുത്ത വിവരം അറിഞ്ഞ വിഷ്ണുവും കുടുംബവും ഇന്നലെ വീട്ടില്‍ നിന്ന് മുങ്ങുകയായിരുന്നു.

അന്വേഷണത്തിനിടെ പോലീസിന് കിട്ടിയ രഹസ്യ വിവരം അനുസരിച്ച് തിരുവന്‍വണ്ടൂരിനടുത്തുള്ള ബന്ധുവീട്ടില്‍ നിന്നു ഇയാളെ അറസ്റ്റു ചെയ്തു. പ്രതിയെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ സി ഐ ജോസ് മാത്യു, എസ് ഐ എസ്.വി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News