മാതാപിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ 17കാരി പീഡനത്തിന് ഇരയായി

കട്ടക്ക്: മാതാപിതാക്കളുമായി വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് ദിവസങ്ങളോളം പീഡിപ്പിച്ചു. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. 17കാരിയാണ് പീഡനത്തിന് ഇരയായത്. വഴിമധ്യേ സഹായം വാഗ്ദാനം ചെയ്ത യുവാവും സുഹൃത്തും അടുത്തുള്ള ഫാമില്‍ എത്തിച്ച് പൂട്ടിയിട്ട് പെണ്‍കുട്ടിയെ 22 ദിവസത്തോളം പീഡിപ്പിച്ചു. പെണ്‍കുട്ടി ഇത് സംബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കി.

കഴിഞ്ഞ മാസമാണ് ടിര്‍ട്ടോള്‍ സ്വദേശിയായ പെണ്‍കുട്ടി രക്ഷിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയത്. തിരിച്ച് വീട്ടിലേക്ക് തന്നെ പോകാനായി കട്ടക്കിലെ ഒഎംപി സ്‌ക്വയറില്‍ ബസ് കാത്തിരിക്കുമ്പോഴാണ് ബൈക്കിലെത്തിയ യുവാവ് വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ ഒപ്പംകൂട്ടിയത്.

എന്നാല്‍ വീട്ടിലേക്ക് പോകുന്നതിന് പകരം ഗതിരൗട്ട്പട്‌ന ഗ്രാമത്തിലുള്ള ഒരു ഫാമിലെത്തിലെത്തിച്ച് രണ്ട് പേര്‍ ചേര്‍ന്ന് 22 ദിവസത്തോളം പീഡിപ്പിക്കുകയായിരുന്നു. ഫാം സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിയമവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നുവെന്ന് സംശയിച്ച് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

ജില്ലാ ശിശു ക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ അനാഥാലയത്തിലേക്ക് മാറ്റിയെന്ന് കട്ടക്ക് ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ പ്രതീക് സിംഗ് അറിയിച്ചു. സംഭവത്തില്‍ പ്രതിയായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള രണ്ടാമത്തെ പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News