ആണ്‍സുഹൃത്തുമായി മണിക്കൂറോളം ഫോണില്‍ സംസാരം, തൊട്ട് പിന്നാലെ പെണ്‍കുട്ടി ജീവനൊടുക്കി; രക്ഷിക്കാനുള്ള സഹോദരന്റെ ശ്രമവും വിഫലം

പത്തനാപുരം: ആണ്‍സുഹൃത്തുമായി മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ച ശേഷം പതിനേഴുകാരി വീട്ടില്‍ തൂങ്ങി മരിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യും. ആണ്‍സുഹൃത്തും ബന്ധുവുമായ യുവാവുമായി ഫോണില്‍ സംസാരിച്ചതിന് ശേഷമായിരുന്നു പട്ടാഴി കന്നിമേല്‍ മാവിളമേലേതില്‍ പരേതനായ അജിയുടെയും ലതികയുടെയും മകള്‍ അഞ്ജലി ജീവനൊടുക്കിയത്. 17കാരിയായ അഞ്ജലി തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ജീവനൊടുക്കുകയായിരുന്നു.

കശുവണ്ടി തൊഴിലാളിയായ മാതാവ് ജോലിക്കായി പോയിരുന്ന സമയമാണ് സംഭവമുണ്ടായത്. കലയപുരം സ്വദേശിയും ബന്ധുവുമായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധം വീട്ടുകാരും സമ്മതിച്ചിരുന്നു എന്നാണ് വിവരം. യുവാവുമായി ഒരു മണിക്കൂറില്‍ അധികം ഫോണില്‍ സംസാരിച്ച ശേഷമാണ് കതകടച്ച് ഷാള്‍ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിയത്.

ശബ്ദം കേട്ട് സഹോദരന്‍ ആദിത്യന്‍ ഓടിയെത്തി ഷാള്‍ അറുത്ത് അയല്‍വാസികളെ വിവരം അറിയിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News