കണ്ണൂർ: കണ്ണൂരിൽ 16 വയസുകാരി ഗർഭിണിയായ സംഭവത്തിൽ 14 വയസുകാരനെതിരെ കേസെടുത്തു. എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയുടെ ബന്ധു കൂടിയായ കുട്ടിയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ ഉള്ളത്. വയറുവേദനയെ തുടർന്ന് പെൺകുട്ടി ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയായ വിവരം അറിഞ്ഞത്. ഇക്കാര്യം ഡോക്ടർ പൊലീസിനെ അറിയിച്ചു.
തുടർന്ന് വനിതാ പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് വിശദമായ വിവരങ്ങൾ കിട്ടിയത്. കുട്ടിയുടെ ബന്ധു കൂടിയായ പതിനാലുകാരൻ സ്ഥിരമായി വീട്ടിൽ വരുമായിരുന്നു. ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. മജിസ്ട്രേറ്റിന് മുൻപാകെ കുട്ടിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. പ്രായപൂർത്തി ആകാത്തതിനാൽ പതിനാലു വയസുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇടുക്കിയിൽ പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ കരസ്ഥമാക്കി സമൂഹമാധ്യമളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ നല്ലതണ്ണി സ്വദേശി സന്തോഷ് ആണ് പിടിയിലായത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി. മൂന്നാർ സ്വദേശിനിയായ ഇരുപതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഇവരുടെ ചില ബന്ധുക്കൾക്ക് വാട്ട്സാപ്പിൽ ലഭിച്ചതോടെയാണ് പരാതി ഉയർന്നത്. കഴിഞ്ഞ ആഴ്ച്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ എസ്എച്ഓ മനേഷ് കെ പൗലോസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്തത്.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ… സന്തോഷ് പെൺകുട്ടിയെ പ്രണയം നടിച്ച് ബന്ധം സ്ഥാപിച്ചു. പിന്നീട് വീഡിയോ കോൾ ചെയ്ത് കാമുകിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ചു. ഇതിനിടെ പെൺകുട്ടി തമിഴ്നാട്ടിൽ പഠിക്കുന്ന മറ്റൊരു യുവാവുമായി അടുക്കുന്ന വിവരം അറിഞ്ഞ് സന്തോഷ് തന്റെ പക്കലുള്ള ചിത്രങ്ങൾ അയാൾക്ക് അയച്ചുകൊടുത്തു.
ആ യുവാവ് ഈ ചിത്രങ്ങൾ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് അയച്ചുകൊടുത്തതോടെയാണ് താൻ ചതിക്കപ്പെട്ടുവെന്ന് പെൺകുട്ടിക്ക് മനസ്സിലായത്. ഇതോടെയാണ് പൊലിസിന് പരാതി നൽകിയത്. പെൺകുട്ടിയുടേയും പ്രതിയുടേയും ഫോണുകളിലെ ചാറ്റുകളും ചിത്രങ്ങളും മായ്ച്ചുകളഞ്ഞിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഒരാഴ്ച്ച നീണ്ടുനിന്ന അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചില തെളിവുകൾ കൂടി ലഭിച്ചാൽ സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യുമെന്ന് എസ്എച്ച് ഒ മനേഷ് കെ പൗലോസ് പറഞ്ഞു.എസ് ഐ കെ ഡി മണിയൻ, എ എസ് ഐ സജി എം ജോസഫ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.