News

കൊവിഡിനെ ഭയന്ന് 15 മാസം വീടിനുള്ളില്‍; 50കാരിയേയും മക്കളെയും പോലീസ് മോചിപ്പിച്ചു

ഈസ്റ്റ് ഗോദാവരി: കൊവിഡ് വൈറസ് ബാധയെ ഭയന്ന് ഒരു കുടുംബത്തിലെ സ്ത്രീകള്‍ പുറത്തിറങ്ങാതെ വീടടച്ച് അകത്ത് കഴിച്ചുകൂട്ടിയത് 15 മാസം. ആന്ധ്രയിലെ കഡലി ഗ്രാമത്തിലാണ് സംഭവം. അമ്പതുകാരി റൂത്തമ്മയും ഇവരെ മക്കളായ കാന്തമണി(32), റാണി(30) എന്നിവരാണ് വീടടച്ച് ഒന്നേക്കാല്‍ വര്‍ഷത്തോളം അകത്തിരുന്നത്. വിവരമറിഞ്ഞെത്തിയ പോലീസാണ് ഇവരെ രക്ഷപെടുത്തിയത്.

സര്‍ക്കാര്‍ പദ്ധതി പ്രകാരം ഇവര്‍ക്ക് ഭവന നിര്‍മാണത്തിന് സ്ഥലം അനുവദിച്ച വിവരം അറിയിക്കാന്‍ സന്നദ്ധപ്രവര്‍ത്തകന്‍ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. സന്നദ്ധപ്രവര്‍ത്തകന്‍ ഇക്കാര്യം ഗ്രാമമുഖ്യനെയും പോലീസിനെയും അറിയിക്കുകയായിരുന്നു. ഇവരെ രാജോള്‍ സബ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണമാചാരിയും സംഘവും വന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

ചുട്ടുഗല്ല ബെന്നിയുടെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്. അയല്‍വാസി കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് റൂത്തമ്മയ്ക്കും മക്കള്‍ക്കും പേടി കൂടിയത്. തുടര്‍ന്ന് പുറത്തിറങ്ങാതെ തങ്ങളുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. മുമ്പ് ഈ കുടുംബത്തിന്റെ വിവരം അന്വേഷിക്കാന്‍ ചെന്ന സന്നദ്ധപ്രവര്‍ത്തകരും ആശാ തൊഴിലാളികളും ആരുടെയും പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് മടങ്ങിവരുമായിരുന്നു. മൂന്ന് പേര്‍ ആ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും അവരുടെ ആരോഗ്യം മോശമാണെന്നും അടുത്തിടെ ഇവരുടെ ബന്ധുക്കളില്‍ ചിലര്‍ വിവരം അറിയിച്ചു.

പോലീസ് സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് അവശനിലയില്‍ കിടക്കുന്ന കുടുംബത്തെയാണ്. മുടി നീണ്ട് വളര്‍ന്നിരുന്നു. കുറേ നാളുകളായി കുളിച്ചിരുന്നില്ല. കൂടാരത്തിനുള്ളില്‍ തന്നെയായിരുന്നു ഇവര്‍ വിസര്‍ജനം നടത്തിയിരുന്നത്. പോലീസുകാര്‍ ഉടന്‍തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. ഇപ്പോള്‍ അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടോ മൂന്നോ ദിവസം കൂടി അതേ രീതിയില്‍ തുടരുകയാണെങ്കില്‍ ഇവര്‍ മരിക്കുമായിരുന്നുവെന്ന് ഗ്രാമമുഖ്യന്‍ ചോപ്പാല ഗുരുനാഥ് പറയുന്നു.

മാതാവും രണ്ടു പെണ്‍മക്കളും വീട്ടിനുള്ളില്‍ തന്നെ കഴിഞ്ഞപ്പോള്‍ പിതാവ് അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ മാത്രം പുറത്തിറങ്ങി. അകത്തുതന്നെയായി വിഷാദ രോഗം ബാധിച്ച ഇവര്‍ കടുത്ത ശാരീരിക അവശതകളും അനുഭവിച്ചിരുന്നതായി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button