തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് ആശങ്ക ഒഴിയുന്നില്ല. ഇന്ന് 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും തലസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പുലയനാര്‍കോട്ട സിഡിഎച്ച് ആശുപത്രിയില്‍ ഡോക്ടറടക്കം ഏഴു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജില്‍ മൂന്നുപേര്‍ക്കും മുക്കോല പിഎച്ച്സിയില്‍ രണ്ടു പേര്‍ക്കും ഇന്ന് പരിശോധനാ ഫലം പോസിറ്റീവായി. കണ്ണാശുപത്രിയിലും പബ്ലിക് ഹെല്‍ത്ത് ലാബിലും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും ഓരോരുത്തര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം തിരുവനന്തപുരത്ത് മോഷണക്കേസ് പ്രതിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കിളിമാനൂര്‍ പോലീസ് മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത തട്ടത്തുമല മലയ്ക്കല്‍ സ്വദേശിയായ 32 വയസുകാരനാണു കൊവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 17-നാണ് പനപ്പാംകുന്ന് സ്വദേശിയെ മോഷണക്കേസുമായി ബന്ധപ്പെട്ട് കിളിമാനൂര്‍ പോലീസ് പിടികൂടുന്നത്. ഇതിനുശേഷം വര്‍ക്കലയിലെ എസ്ആര്‍ ആശുപത്രിയില്‍ ക്വാറന്റൈനിലായിരുന്നു. കസ്റ്റഡിയില്‍ എടുത്തശേഷം സ്രവം പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലമാണ് ഇപ്പോള്‍ പോസിറ്റീവായി വന്നിരിക്കുന്നത്.
പത്തു ദിവസത്തിനുശേഷമാണ് പ്രതിയുടെ പരിശോധനാ ഫലം ലഭിക്കുന്നത്. സ്റ്റേഷനിലെ എല്ലാ പോലീസുകാര്‍ക്കും കൊവിഡ് പരിശോധന നടത്താനും ഡ്യൂട്ടിയിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കാനും നിര്‍ദേശമുണ്ട്.