തൃശൂർ: തൃശൂർ ജില്ലയിൽ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ. കടപ്പുറം, കുഴൂർ, ഒരുമനയൂർ, വെങ്കിടങ്ങ്, കണ്ടാണശേരി, കൈപ്പറമ്പ് എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. കോർപറേഷൻ പരിധിയിലെ ഒല്ലൂരിലും നിരോധനാജ്ഞയാണ്. കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണിത്. നാളെ മുതൽ അടുത്ത ഞായറാഴ്ച്ച വരെ ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചത്.
ജില്ലയിൽ ഇന്നലെ 1780 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1747 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 24 പേര്‍ക്കും 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉറവിടം അറിയാത്ത 6 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. അതേസമയം, 428 പേര്‍ രോഗമുക്തരായി. ഇതോടെ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6858 ആയി. തൃശ്ശൂര്‍ സ്വദേശികളായ 90 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,13,401 ആണ്. 1,05,895 പേര്‍ ആകെ രോഗമുക്തരായി.
അതിനിടെ തൃശൂർ പൂരം മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കത്തയച്ച് സാംസ്‌കാരിക പ്രവർത്തകർ. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സാംസ്‌ക്കാരിക പ്രവർത്തകർ സർക്കാരിന് കത്തയച്ചത്. കെ.ജി ശങ്കരപ്പിള്ള, വൈശാഖൻ, കൽപ്പറ്റ നാരായണൻ, കെ വേണു തുടങ്ങിയ 34 സാംസ്‌കാരിക പ്രവർത്തകരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വിവിധ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങൾ പാലിച്ച് പൂരം പ്രായോഗികമല്ലെന്നാണ് കത്തിൽ പറയുന്നത്. സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പൂരം നടത്തുന്നത് അനുചിതമാണ്. അതുകൊണ്ട് സർക്കാരും പൂരം സംഘാടകരും തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് സാംസ്‌കാരിക പ്രവർത്തകർ കത്തിൽ അഭ്യർത്ഥിക്കുന്നു.