കൊച്ചി: ഗർഭസ്ഥശിശുവിന്റെ വളർച്ച ഒമ്പതുമാസത്തോളമായതിനാൽ പോക്സോ കേസിലെ അതിജീവിതയായ 14 വയസ്സുകാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതിനൽകണമെന്ന അമ്മയുടെ ആവശ്യം ഹൈക്കോടതി നിഷേധിച്ചു.
മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ഗർഭസ്ഥശിശുവിന്റെയും പെൺകുട്ടിയുടെയും ആരോഗ്യം മികച്ചതാണ്. ഏതാണ്ട് പൂർണവളർച്ചയെത്തിയതിനാൽ കുട്ടിയെ ശസ്ത്രക്രിയയിലൂടെയേ പുറത്തെടുക്കാനാകൂ. കുട്ടിയുടെ ഹൃദയമിടിപ്പടക്കം ശരിയായവിധത്തിലാണെന്നും അതിനാൽ ഗർഭച്ഛിദ്രം അനുവദിക്കാനാകില്ലെന്നുമായിരുന്നു മെഡിക്കൽ റിപ്പോർട്ട്. തുടർന്നാണ് ഗർഭച്ഛിദ്രം അനുവദിക്കണം എന്ന ആവശ്യം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിഷേധിച്ചത്.
പ്രതി പോക്സോ നിയമപ്രകാരം ജയിലിലാണ്. ഇരയ്ക്ക് പ്രായപൂർത്തിയാകാത്തതിനാൽ നിയമപ്രകാരം ബലാത്‌കാരമായിട്ടേ കാണാനാകൂ. ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ച ഉത്തരവ് ഒരുതരത്തിലും ഈ കേസിൽ കണക്കിലെടുക്കരുതെന്നും കോടതി വ്യക്തമാക്കി.