മലപ്പുറം:2018-ലാണ് കേരളത്തില്‍ ആദ്യത്തെ നിപ കേസ് സ്ഥിരീകരിക്കുന്നത്. അന്ന് 17 പേരാണ് മരിച്ചത്. പിന്നീട് 2021 ല്‍ ഒരു പന്ത്രണ്ടുവയസ്സുകാരനും 2023 ഓഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ട് പേര്‍ക്കും ജീവന്‍ നഷ്ടമായി. 2024-ലും കേരളത്തില്‍ നിപ സ്ഥിരീകരിച്ചിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാലുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലം പോസിറ്റീവ് ആയതിന് പിന്നാലെയാണ് കുട്ടിയെ പ്രത്യേകം തയ്യാറാക്കിയ ഐ.സി.യുവിലേക്ക് മാറ്റിയത്. ഇതോടൊപ്പം നിരീക്ഷണത്തിലുള്ള കുട്ടിയുടെ മാതാപിതാക്കളേയും അമ്മാവനേയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ പ്രത്യേക നിരീക്ഷണ വാര്‍ഡിലാണുള്ളത്.
കുട്ടിയെ ബാധിച്ച നിപ വൈറസിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ല. നേരത്തെ കുട്ടി വയനാട്ടിലേക്ക് വിനോദയാത്ര പോയിരുന്നു. അന്ന് അമ്പഴങ്ങ കഴിച്ചിട്ടുണ്ടായിരുന്നുവെന്നാണ് കുടുംബാംഗങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. കുട്ടിയോടൊപ്പം പോയ സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. ഇതില്‍ ഒരു സുഹൃത്തിന് രോഗലക്ഷണമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അഞ്ച് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സ തേടി. പനി കുറയാത്തതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തി. അവിടെനിന്നും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും 19-ന് രാത്രിയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഈ സമയത്ത് കുട്ടിയുമായി ബന്ധപ്പെട്ടവരുടെ സമ്പര്‍ക്ക പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി മുപ്പത് നിരീക്ഷണ മുറികളും ഒരുക്കിയിട്ടുണ്ട്.