കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 12 മലയാളികളെ തിരിച്ചറിഞ്ഞു.അപകടത്തില്‍ മൊത്തം 49 പേര്‍ മരിച്ചതായാണ് വിവരം. ഇതില്‍ 41 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 26 പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ 50 -ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്.
കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷമീർ ഉമറുദ്ദീൻ (30), കാസർകോട് ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), കാസർകോട് പിലിക്കോട് എരവിൽ സ്വദേശി കേളു പൊന്മലേരി (58), കോട്ടയം പാമ്പാടി വിശ്വഭാരതി കോളേജിനു സമീപം ഇടിമണ്ണിൽ സാബു ഫിലിപ്പിന്റെ മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു (29), പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ പരേതനായ ശശിധരൻ നായരുടെയും ശോഭനകുമാരിയുടെയും മകൻ ആകാശ് ശശിധരൻ നായർ (31), കൊല്ലം പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ ജോർജ് (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ (68) കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു-48),തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ(37), കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, മലപ്പുറം തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മരിച്ചവരിൽ ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയുമെന്ന് സ്ഥിരീകരണം പുറത്തുവരുന്നുണ്ട്. ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) ആണ് മരിച്ചത്. കഴിഞ്ഞ ജൂൺ 5നാണ് ശ്രീഹരി ജോലിക്കായി കുവൈറ്റിൽ എത്തിച്ചേർന്നത്. ഇയാളുടെ അച്ഛനും കുവൈറ്റിൽ ജോലി ചെയ്തുവരുകയാണ്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ് ശ്രീഹരി.
5 ആശുപത്രികളിലായിട്ടാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലുള്ള 9 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. കുവൈത്ത് ദുരന്തം ചർച്ച ചെയ്യാൻ സംസ്ഥാനത്ത് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം പത്ത് മണിക്ക് ചേരും. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ യോഗത്തിൽ ചർച്ചയാകും.
കേരളത്തെ കൂടി സഹകരിപ്പിച്ചുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് കേന്ദ്രം ചെയ്യുന്നതെന്നും അപകടത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പരമാവധി സഹായമെത്തിക്കുമെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. മൃതദേഹങ്ങള്‍ വേഗം നാട്ടിലെത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ജോര്‍ജ് കുര്യന്‍ അറിയിച്ചു. പരിക്കേറ്റവരുടെ പുനരധിവാസത്തിനും സർക്കാർ ഇടപെടും. മൃതദേഹങ്ങൾ കഴിവതും വേഗം നാട്ടിലെത്തിക്കുമെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.