കൊച്ചി:ബാലതാരമായി പിന്നീട് നായിക നടിയായി മാറിയ നിരവധി താരങ്ങൾ മലയാള സിനിമയിലുണ്ട്. അതിലെ ഏറ്റവും പുതിയ ആളാണ് നടി അനിഖ സുരേന്ദ്രന്‍. ബാലതാരമായി സിനിമയിലെത്തിയ അനിഖ തന്റെ നായികയായുള്ള ആദ്യ സിനിമയുടെ റിലീസിന് കാത്തിരിക്കുകയാണ്. ഛോട്ടാ മുംബൈ എന്ന ചിത്രത്തിൽ ഒരു സീനിൽ മുഖം കാണിച്ച കുഞ്ഞ് അനിഖ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് തമിഴിൽ ഉൾപ്പെടെ അഭിനയിച്ച നായിക നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായി. നിരവധി സിനിമകളിൽ നയൻതാരയുടെ മകളായി അനിഖ എത്തിയിട്ടുണ്ട്. നയൻതാരയുടെ മുഖസാദൃശ്യമാണ് അനിഖയെ ശ്രദ്ധേയയാക്കിയത്. ഇപ്പോഴിതാ നായികയും ആവുകയാണ് അനിഖ. ഓ മൈ ഡാര്‍ലിംഗ് എന്ന മലയാള സിനിമയിലൂടെയാണ് അനിഖ നായികയാവുന്നത്.
ഫെബ്രുവരി 24 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് അനിഖ. അതിനിടെ ഇൻഡ്യഗ്ലിറ്റ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അനിഖ. കഥകൾ കേൾക്കുന്നതിനെ കുറിച്ചും അഭിനയിക്കാൻ കഴിയാതെ പോയ സൂര്യ ചിത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ട്.
‘ഇപ്പോൾ ഞാനും അമ്മയും ഒരുമിച്ചിരുന്നാണ് സ്ക്രിപ്റ്റുകൾ കേൾക്കാറുള്ളത്. ആദ്യം അമ്മ തന്നെ ആയിരുന്നു എല്ലാം കേട്ട് കൊണ്ടിരുന്നത്. ഇപ്പോൾ എനിക്ക് കുറച്ചൂടെ അഭിപ്രായം പറയാനുള്ള സാഹചര്യമുണ്ട്. നല്ല സ്ക്രിപ്റ്റൊക്കെ തിരിച്ചറിയാൻ പറ്റും. നല്ലതാണോ എന്നൊക്കെ,’
‘ഗ്രേറ്റ് ഫാദർ സിനിമയുടെ കഥ ഹനീഫ് അങ്കിൾ അമ്മയോട് ആണ് പറഞ്ഞത്. അമ്മ എന്നോട് ഇങ്ങനെയൊരു സിനിമ ഉണ്ടെന്ന് പറഞ്ഞു. ഞാൻ ചോദിച്ചു കഥ എന്താണെന്ന്. അപ്പോൾ അമ്മ പറഞ്ഞു, നിന്നെ ആരോ എന്തോ പിടിച്ചു കൊണ്ട് പോകും എന്നിട്ട് രക്ഷിക്കും അങ്ങനെ ആണെന്ന് ഒക്കെ,’ ഓക്കേ ചെയ്യാമെന്ന് ഞാനും പറഞ്ഞു,’
‘അങ്ങനെയാണ് ചെയ്യാൻ പോകുന്നത്. പിന്നീട് ഹനീഫ് അങ്കിൾ എന്നോടും കഥ പറഞ്ഞു തന്നു. ഷൂട്ട് ചെയ്യുന്ന സമയത്ത് എല്ലാം എക്സ്പ്ലൈൻ ചെയ്ത് പറഞ്ഞ് തന്നിരുന്നു,’ അനിഖ പറഞ്ഞു. ‘ഞാൻ ഛോട്ടാ മുംബൈയിൽ ഉണ്ടെന്ന് പറയുമ്പോൾ ആളുകൾക്ക് അത് ഓർമ്മയുണ്ട്. ഭാവനയുടെ ഒക്കത്ത് ഇരിക്കുന്ന കുട്ടി അല്ലേയെന്ന് ചോദിച്ചിട്ടുണ്ട്. എന്റെ ആദ്യത്തെ സിനിമ അതാണ്,’
‘എന്നെ ഇപ്പോഴും ബേബി അനിഖ എന്ന് വിളിക്കുന്നതിനോട് അങ്ങനെ താൽപര്യമില്ല. പക്ഷെ ഇപ്പോൾ വിളി അൽപം കുറഞ്ഞിട്ടുണ്ട്. ഒരു ഇന്റർവ്യൂയിൽ ഞാൻ ബേബി അല്ലെന്ന് ഒക്കെ പറഞ്ഞിരുന്നു. അതുകൊണ്ട് അൽപം വിളി കുറഞ്ഞിട്ടുണ്ട്,’
‘ഞാൻ അങ്ങനെ അധികം പുറത്തേക്ക് ഇറങ്ങുന്ന ആളല്ല. സ്‌കൂളിലെ പരിപാടികളിൽ ഒന്നും പങ്കെടുക്കില്ല. ആളുകൾക്ക് ഇടയിലേക്ക് പോകില്ലെന്ന് അല്ല. എങ്കിലും പൊതുവെ വെറുതെ വീട്ടിൽ ഇരിക്കാനും ഉറങ്ങാനും ആണ് എനിക്കിഷ്ടം. ഉറക്കത്തെ കൂടുതൽ എന്തെങ്കിലും കാണുകയോ പുസ്‌തകം വായിക്കുകയോ ആണ് ചെയ്യാറുള്ളത്,’
‘സാധാരണ സമ്മർ ഹോളിഡേയ്‌സിന്റെ സമയത്തൊക്കെ ഞാൻ വീട്ടിൽ ഇരുന്ന് ബോറടിക്കും. വർക്ക് വരുന്നത് സ്‌കൂൾ തുറക്കുന്ന സമയത്താകും. പിന്നെ എനിക്ക് ഇരട്ടി പണിയാണ്. നോട്ട്സ് എഴുതലും പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പൊക്കെ ആയിട്ട് അങ്ങനെ,’
‘തമിഴിൽ സൂര്യക്കും വിജയിക്കും ഒപ്പം അഭിനയിക്കണം എന്നുണ്ട്. അത് ചെറിയ എന്തെങ്കിലും ആണെങ്കിലും മതി. തമിഴിൽ നിന്ന് അവസരങ്ങൾ വന്നിരുന്നു. പക്ഷെ ഡേറ്റ് ക്ലാഷ് കാരണം ഉപേക്ഷിക്കേണ്ടി വന്നു. സൂര്യയുടെ സിനിമ വന്നപ്പോൾ എനിക്ക് ട്വൽത്തിന്റെ ബോർഡ് എക്സാം നടക്കുകയായിരുന്നു,’
‘ട്വൽത്തിൽ ക്ലാസിൽ പോയിട്ടേ ഇല്ലായിരുന്നു. അപ്പോൾ പഠിക്കാനായിട്ട് ഒരു മാസം ബ്രേക്ക് എടുത്തിരുന്നു. ആകെ 20 ശതമാനം ആയിരുന്നു അപ്പോൾ അറ്റൻഡൻസ്. അതുകൊണ്ട് ആ സിനിമ അങ്ങനെ പറ്റിയില്ല,’ അനിഖ പറഞ്ഞു.