KeralaNews

സര്‍ക്കാര്‍ ഹോമുകള്‍ക്ക് നൂറുമേനി: അഭിനന്ദനവുമായി മന്ത്രി വീണാ ജോര്‍ജ്,ശ്രീചിത്ര ഹോമും പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമും മന്ത്രി സന്ദര്‍ശിച്ചു

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലേയും ഒബ്‌സര്‍വേഷന്‍ ഹോമുകളിലേകളിലേയും എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചു. എല്ലാ വിദ്യാര്‍ത്ഥികളേയും അവരെ വിജയത്തിലേക്ക് നയിച്ച ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ശ്രീചിത്ര ഹോമും പൂജപ്പുര ഗവ. ചില്‍ഡ്രന്‍സ് ഹോമും മന്ത്രി നേരിട്ട് സന്ദര്‍ശിച്ച് കുട്ടികളുമായി സന്തോഷം പങ്കുവച്ചു.

15 ചില്‍ഡ്രന്‍സ് ഹോമുകളിലേയും 2 ഒബ്‌സര്‍വേഷന്‍ ഹോമുകളിലേയും 101 കുട്ടികളാണ് പരീക്ഷയെഴുതിയത്. എല്ലാവരേയും വിജയിപ്പിക്കാനായത് അഭിനന്ദനീയമാണ്. വിവിധ ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ള ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുമാണ് ഈ ഹോമുകളില്‍ എത്തപ്പെടുന്നത്.

ഈ കുട്ടികള്‍ക്ക് മികച്ച ജീവിത സാഹചര്യവും പഠനവും നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക സൈക്കോളജിക്കല്‍ അസസ്‌മെന്റ്, കൗണ്‍സിലറുടെ സേവനം എന്നിവ നല്‍കുന്നുണ്ട്. കൂടാതെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഓരോ വിഷയങ്ങള്‍ക്കും പ്രത്യേകം ട്യൂഷനും, പഠനത്തിന്റെ മേല്‍നോട്ടത്തിനായി എജ്യൂകേറ്ററുടെ സേവനവും, കലാഭിരുചികള്‍ക്കനുസൃതമായി പരിശീലനവും ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പൂജപ്പുര ഗവ. ഹോമിലെത്തിയ മന്ത്രിയ്ക്ക് വിഷ്ണു വരച്ച ചിത്രം സമ്മാനിച്ചു. ഹോമിലെ ചുമര്‍ചിത്രത്തെ മന്ത്രി അഭിനന്ദിച്ചു. സുജിത്ത്, മോശ, കിരണ്‍, മഹേഷ്, ആദര്‍ശ് എന്നിവരാണ് ചിത്രം വരച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button