ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ അവധി യാത്രാബത്ത പരിഷ്‌കരിച്ചു. ടിക്കറ്റ് തുകയുടെ മൂന്നിരട്ടിവരെ ലീവ് എന്‍കാഷ്‌മെന്റായി നല്‍കും. 10,000 രൂപവരെ പലിശയില്ലാതെ ഉത്സവബത്തയായി മുന്‍കൂര്‍ നല്‍കും. സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ 12,000 കോടി രൂപ പലിശരഹിത വായ്പ നല്‍കും.
50 ശതമാനം തുക ആദ്യഘട്ടത്തില്‍ അനുവദിക്കും. ഇത് ചെലവഴിച്ചശേഷം ബാക്കി തുക നല്‍കും. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള സാന്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്നും പ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കൂടുതല്‍ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സക്ഷന്‍ (എല്‍ടിസി) ക്യാഷ് വൗച്ചര്‍ സ്‌കീം അവതരിപ്പിക്കുന്നത്.
അവധിയാത്രാ ബത്തയ്ക്കു പകരം ഉല്‍പന്നങ്ങളും വാങ്ങാം. 5,675 കോടിയാണ് ഇതിനായി നീക്കി വയ്ക്കുന്നത്. പൊതുമേഖലാ ബാങ്കുകളിലും സ്ഥാപനങ്ങളിലും എല്‍ടിസി പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടി രൂപ വകയിരുത്തും. ഇതില്‍ 200 കോടി രൂപവീതം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് 450 കോടി രൂപ വീതവുമാണ് അനുവദിക്കുക. ബാക്കിയുള്ള 7,500 കോടി രൂപ മറ്റ് സംസ്ഥാനങ്ങള്‍ക്കും നല്‍കും.