റയാദില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി നഴ്സിന്റെ മരണത്തില്‍ ദുരൂഹത; എംബസിക്കയച്ച മെയിലില്‍ കൊല്ലപ്പെടുമെന്ന ഭയം
റിയാദ്: സൗദിയിലെ റിയാദില്‍ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി നഴ്സിന്റെ മരണത്തില്‍ ദുരൂഹത. ജോലി ചെയ്യുന്ന ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയ യുവതിയെ ആശുപ്രത്രിക്ക് സമീപമുള്ള താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റിയാദിലെ അല്‍ജസീറ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന കോട്ടയം ആര്‍പ്പൂക്കര ചക്കുഴിയില്‍ സൗമ്യ നോബിളിന്റെ (33) മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് ഭര്‍ത്താവ് നോബിള്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിക്കെതിരെ സൗമ്യ നല്‍കിയ പരാതി പുറത്ത് വന്നതോടെയാണ് ദുരൂഹത വര്‍ധിച്ചത്. താന്‍ ജീവനൊടുക്കില്ലെന്നും മരിച്ചാല്‍ ആശുപത്രി അധികൃതരായിരിക്കും അതിനുത്തരവാദികളെന്നുമാണ് സൗമ്യ എംബസിക്കയച്ച പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സംഭവം നടക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പാണ് എംബസിക്ക് സൗമ്യ പരാതി നല്‍കിയതെന്നാണ് സൂചന.
തന്നെ കാണാതാവുകയോ മരണപ്പെടുകയോ ചെയ്താല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ആശുപത്രിക്കാണെന്ന് ആശുപത്രിയുടെ പേരെടുത്ത് പരാമര്‍ശിച്ച് പരാതിയില്‍ പറയുന്നുണ്ട്. സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് എഗ്രിമെന്റ് പുതുക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. എനിക്ക് മാനസിക രോഗമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞേക്കാം.
എനിക്കുള്ള ആനുകൂല്യങ്ങള്‍ തരാതെ ടെര്‍മിനേഷന്‍ എന്നാണ് പറയുന്നത്. ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ടെര്‍മിനേഷന്‍ അവര്‍ നീട്ടി വെച്ചിരിക്കുകയാണ്. ആശുപത്രി ടെര്‍മിനേഷന്‍ ലെറ്റര്‍ നല്‍കിയാല്‍ എനിക്ക് കിട്ടേണ്ട 30000 റിയാല്‍ ആനുകൂല്യം, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, വിമാന ടിക്കറ്റ് എന്നിവ ലഭിക്കാന്‍ എന്നെ സഹായിക്കണമെന്നാണ് എംബസിക്ക് നല്‍കിയ പരാതിയില്‍ സൗമ്യ ആവശ്യപ്പെട്ടിരിക്കുന്നത്.