തിരുവനന്തപുരം: ശബരി റെയിൽപാതയ്ക്കായി കഴിഞ്ഞ കേന്ദ്ര ബജറ്റിൽ അനുവദിച്ച 100 കോടി രൂപ റെയിൽവേ ബോർഡിലേക്ക് മടക്കിയതായി റിപ്പോർട്ട്. മരവിപ്പിച്ച പദ്ധതിയായതിനാൽ പണം വിനിയോഗിക്കാൻ കഴിയാത്തതിനെത്തുടർന്നാണ് മടക്കിയതെന്ന് മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ യൂണിയൻ ബജറ്റിൽ അങ്കമാലി-എരുമേലി ശബരി റെയില്‍പദ്ധതിക്ക് 100 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്.
നാല് വർഷം മുൻപാണ് ശബരിപ്പാത പദ്ധതി മരവിപ്പിച്ചത്. ബജറ്റില്‍ തുക അനുവദിച്ചെങ്കിലും നിബന്ധനകള്‍പാലിച്ച് സജീവമായ പദ്ധതികള്‍ക്കേ പണം ചെലവഴിക്കാനാവൂ എന്ന ചട്ടം നിലനിൽക്കുന്നുണ്ട്. മരവിപ്പിച്ച പദ്ധതിയെന്ന കാര്യം സൂചിപ്പിച്ചാണ് റെയിൽവേ പണംമടക്കിയത്. മരിവിപ്പിച്ച ഉത്തരവ് പിൻവലിച്ചാൽ മാത്രമേ തുക വിനിയോഗിക്കാൻ കഴിയുകയുള്ളൂ.
ശബരി റെയിൽ പദ്ധതിയ്ക്ക് ചെലവ് പങ്കിടാമെന്ന് സംസ്ഥാനം സമ്മതിച്ചിട്ടുണ്ട്. സംസ്ഥാന ബജറ്റിൽ കിഫ്ബി വഴി 2000 കോടിരൂപ വകയിരുത്തുകയും ചെയ്തിരുന്നു. 3,810 കോടി രൂപയാണ് ശബരി റെയിൽ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ്. പദ്ധതി ചെലവ് പങ്കിടുമെന്ന് രേഖാമൂലമുള്ള ഉറപ്പോടെ എസ്റ്റിമേറ്റ് കൈമാറാന്‍ സംസ്ഥാനത്തോട് നേരത്തെ റെയില്‍വേ നേരത്തെ നിര്‍ദേശിച്ചിരുന്നു.
2019ല്‍ മരവിപ്പിച്ച പദ്ധതിക്കായി കഴിഞ്ഞ ബജറ്റിൽ തുക വകയിരുത്തിയതോടെയാണ് ശബരി റെയിൽവേ പദ്ധതിയ്ക്ക് വീണ്ടും ചിറക് മുളച്ചത്. ഏഴ് കിലോമീറ്റര്‍ പാതയും ഒരു പാലവും നിര്‍മിച്ചശേഷം മരവിപ്പിച്ച പദ്ധതിയാണിത്. 111 കിലോമീറ്റര്‍ വരുന്ന പദ്ധതിയില്‍ ഏഴു കിലോമീറ്റര്‍ ട്രാക്കും കാലടി സ്റ്റേഷനും പെരിയാറിലെ റെയില്‍ പാലവും മാത്രമാണ് പൂര്‍ത്തിയായത്.