അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു
ന്യൂയോർക്: അമേരിക്കയിലെ ജോർജിയ സ്റ്റേറ്റിലെ ലിത്തോണിയയിൽ മയക്കുമരുന്നിന് അടിമയായ വ്യക്തിയുടെ അടിയേറ്റ് ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. ഹരിയാനയിൽനിന്നുള്ള വിവേക് സെയ്നി (25) ആണ് കൊല്ലപ്പെട്ടത്. ജനുവരി 16നായിരുന്നു സംഭവം. കടയിൽ പാർട് ടൈം ജോലി ചെയ്ത് വരുകയായിരുന്നു വിവേക്.
ഇവിടെ സ്ഥിരമായി എത്തിയിരുന്ന പ്രതിയോട് ഇറങ്ങിപ്പോകാൻ വിവേക് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. അമ്പതോളം തവണ തലയിൽ ചുറ്റികകൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അക്രമി ജൂലിയർ ഫോക്നറിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവേക് ജോലി ചെയ്തിരുന്ന കടയിലെ ജീവനക്കാരാണ് ജൂലിയറിന് ഭക്ഷണവും താമസസൗകര്യവും നൽകിയിരുന്നത്. ‘അയാൾ ഞങ്ങളോട് കോക്കും ചിപ്സും ആവശ്യപ്പെട്ടു. വെള്ളമടക്കം എല്ലാം ഞങ്ങൾ നൽകി. പിന്നീട് പുതപ്പുചോദിച്ചപ്പോൾ ഇല്ലാതിരുന്നതിനാൽ ജാക്കറ്റാണ് നൽകിയതെ’ന്നും കടയിലെ ജീവനക്കാർ പറഞ്ഞുവെന്ന് ഡബ്ല്യുഎസ്ബി ടിവി റിപ്പോർട്ട് ചെയ്തു.
കുറച്ചു ദിവസത്തിന് ശേഷം ജൂലിയറിനോട് സ്ഥലം ഒഴിയണമെന്നും അല്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്നും വിവേക് പറഞ്ഞു. ഇതിനുശേഷം വിവേക് ജോലി കഴിഞ്ഞ് പോകാൻ തയാറെടുക്കുന്നതിനിടെ ഫോക്നർ ചുറ്റിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
മർദനമേറ്റ വിവേക് ഉടൻ തന്നെ മരണപ്പെട്ടു. പ്രതിയുടെ കൈയിൽനിന്ന് രണ്ട് ചുറ്റികയും കത്തികളും പൊലീസ് പിടിച്ചെടുത്തു. ബി.ടെക് പൂർത്തിയാക്കി ഉപരിപഠനത്തിനായി രണ്ടുവർഷം മുമ്പ് യുഎസിലെത്തിയ വിവേക് അടുത്തിടെയാണ് എംബിഎ പുർത്തിയാക്കിയത്.