തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ 10 പേർ പോലീസ് കസ്റ്റഡിയിലായി. ഇതിൽ മൂന്ന് പേർ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണെന്ന് പോലീസ് അറയിച്ചു. ശേഷിക്കുന്ന ഏഴ് പേരും പ്രതികളെ ഒളിവിൽ കഴിയാൻ ഉൾപ്പടെ സഹായം നൽകിയവരാണ്.
രഞ്ജിത്ത്, നന്തി, നിബീഷ് എന്നിവരാണ് കൊലപാതകത്തിൽ പങ്കെടുത്തവരിൽ പോലീസ് പിടിയിലായത്. ഇവരിൽ ഒരാളാണ് സുധീഷിന്റെ വെട്ടിയെടുത്ത കാൽ ബൈക്കിൽ കൊണ്ടുവന്ന് റോഡിൽ ഉപേക്ഷിച്ചത്.
കേസിലെ മുഖ്യപ്രതിയായ രാജേഷ് ഒളിവിൽ തുടരുകയാണ്. ഇയാളെ കണ്ടെത്താൻ പോലീസ് ഊർജിത അന്വേഷണം നടത്തുന്നുണ്ട്. അക്രമികൾ വന്ന ബൈക്കും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സുധീഷിനെ പത്തോളം വരുന്ന അക്രമിസംഘം വീടുകയറി വെട്ടിക്കൊലപ്പെടുത്തിയത്. മുഖ്യപ്രതി രാജേഷിന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട സുധീഷ് ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് അക്രമിസംഘം ഒളിസങ്കേതം കണ്ടെത്തി വന്ന ആക്രമണം നടത്തിയത്.