മലപ്പുറം: ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പോലീസ് പിടികൂടി. 1.884 കിലോ സ്വർണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി ഷഹലയെ (19) വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്ന് പാക്കറ്റുകളാക്കി സ്വർണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു കോടി രൂപ വിലവരും പിടിച്ചെടുത്ത സ്വർണത്തിന്. ഞായറാഴ്ച രാത്രി പത്തരക്ക് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സപ്രസിലാണ് യുവതി എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിയോടെ വിമാനത്താവളത്തിന് പുറത്തെത്തിയ യുവതിയെ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മണിക്കൂറുകളോളം ചോദ്യം ചെയ്തുവെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്ന മറുപടികളായിരുന്നു യുവതിയുടെ പക്കൽ നിന്ന് ലഭിച്ചത്. തുടർന്ന് ലഗേജ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇതിലും പോലീസിന് ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ശേഷം യുവതിയുടെ ദേഹപരിശോധനയിൽ, അടിവസ്ത്രത്തിനുള്ളിൽ മൂന്ന് പാക്കറ്റുകളിലായി വിദഗ്ദമായി തുന്നിച്ചേർത്ത് ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തു വരികയാണ്.
സ്വർണക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വർണം കോടതിയില്‍ സമര്‍പ്പിക്കും, അതോടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. കോഴിക്കോട് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 87-ാമത്തെ സ്വർണക്കടത്ത് കേസാണിത്.