നാളെ മുതല്‍ കാമ്പസുകള്‍ ഉണരും; വിദ്യാര്‍ത്ഥികള്‍ കോളേജുകളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകള്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ അധ്യായനത്തിലേക്ക്. ഒന്നര വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷമാണ് കോളജിലേക്ക് മുഴുവന്‍ വിദ്യാര്‍ത്ഥികളും എത്തുന്നത്. ഈ മാസം 18ന് ക്ലാസുകള്‍ ആരംഭിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ മഴ രൂക്ഷമായതോടെയാണ് 25ലേക്ക് മാറ്റുകയായിരുന്നു. ഇതോടെ വീണ്ടും കോളജുകള്‍ സജീവമാകും.

ഒക്‌ടോബര്‍ നാലുമുതല്‍ പിജി വിദ്യാര്‍ഥികള്‍ക്കും അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ക്ലാസ് തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബാക്കി ബിരുദ ക്ലാസുകള്‍ കൂടി ആരംഭിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് കോളജുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. പി.ജി ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയും ബിരുദ ക്ലാസുകള്‍ ആവശ്യമെങ്കില്‍ ബാച്ചുകളാക്കി ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലം ലഭ്യമായ ഇടങ്ങളില്‍ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

രാവിലെ എട്ടര മുതല്‍ ഉച്ചക്ക് ഒന്നര വരെ നടത്താം. അല്ലെങ്കില്‍ ഒമ്പത് മുതല്‍ മൂന്നുവരെ/ഒമ്പതര മുതല്‍ മൂന്നര വരെ/പത്ത് മുതല്‍ നാലുവരെ സമയക്രമങ്ങളിലൊന്ന് സൗകര്യപൂര്‍വം കോളജ് കൗണ്‍സിലുകള്‍ക്ക് തെരഞ്ഞെടുക്കാം. എന്‍ജിനീയറിങ് കോളജുകളില്‍ നിലവിലുള്ള രീതിയില്‍ ആറ് മണിക്കൂര്‍ ദിവസേന ക്ലാസ് നടത്താം.

അധ്യാപകരും വിദ്യാര്‍ത്ഥികളും വാക്‌സിന്‍ എടുക്കണം. വിമുഖത മൂലം വാക്‌സിന്‍ എടുക്കാത്ത അധ്യാപകരെയും വിദ്യാര്‍ഥികളെയും കോളജില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഉത്തരവിലുണ്ട്. 18 വയസ്സ് തികയാത്തതിനാല്‍ വാക്‌സിനെടുക്കാന്‍ കഴിയാത്തവരെയും രണ്ടാം ഡോസിന് സമയമാകാത്തവരെയും ക്ലാസില്‍ പ്രവേശിപ്പിക്കാം. ഒന്നിച്ചിരുന്ന ഭക്ഷണം കഴിക്കുന്നതും സാധനങ്ങള്‍ കൈമാറുന്നതും ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News