ന്യൂഡല്‍ഹി: വിവാദ ചലച്ചിത്രമായ ‘ദ കേരള സ്റ്റോറി’ യഥാര്‍ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ല എന്ന് എഴുതിക്കാണിക്കണമെന്ന ആവശ്യം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തള്ളി. ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ ഷാ ഉള്‍പ്പെടെയുള്ളവര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഈ ആവശ്യം തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെയാണ് സാല്‍വെ ഈ നിലപാട് വ്യക്തമാക്കിയത്.
ഒരു സമുദായത്തെ മുഴുവന്‍ ഇകഴ്ത്തിക്കാണിക്കുന്ന ചിത്രമാണ് ദ കേരള സ്റ്റോറിയെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷക വൃന്ദ ഗ്രോവര്‍ ആരോപിച്ചു. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ സത്യം എന്ന രീതിയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുകയാണ്. ചിത്രം യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ല എന്ന് എഴുതിക്കാണിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഗ്രോവര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന കാര്യം ഉത്തരവില്‍ രേഖപ്പെടുത്തണമെന്ന് ഹരീഷ് സാല്‍വേ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയിലും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഇതേ നിലപാട് തന്നെ സ്വീകരിക്കുമെന്നാണ് സൂചന.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ ഷൈന്‍ പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടിയാണ് ഹരീഷ് സാല്‍വേ ഹാജരായത്. ചിത്രത്തിനെതിരെ ഹര്‍ജി നല്‍കിയ ജംഇയ്യത്തുല്‍ ഉലമാ ഹിന്ദിനു വേണ്ടി വൃന്ദ ഗ്രോവറും ഹാജരായി.