KeralaNews

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച് പി.ടി. ഉഷ,പ്രതിഷേധം

ന്യൂഡല്‍ഹി: കഴിഞ്ഞ 11 ദിവസങ്ങളിലായി ഡല്‍ഹി ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച് ഒളിംപിക്‌സ് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ. സമരം ചെയ്യുന്ന താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉഷ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു ഉഷയുടെ സന്ദര്‍ശനം.

ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉഷ പറഞ്ഞു. വിഷയത്തില്‍ ഉടന്‍ പരിഹാരമുണ്ടാക്കുമെന്നും നീതി ലഭ്യമാക്കുമെന്നും അറിയിച്ചു. എന്നാല്‍ ബ്രിജ്ഭൂഷണെ ജയിലിലടയ്ക്കും വരെ ഞങ്ങള്‍ ഇവിടെ തുടരും’ സമരത്തില്‍ പങ്കെടുക്കുന്ന ഗുസ്തി താരം ബജ്‌റങ് പുനിയ പറഞ്ഞു.

താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്നായിരുന്നു നേരത്തെ ഉഷയുടെ വിവാദ പരാമർശം. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നും ഉഷ പറഞ്ഞു.

പി.ടി. ഉഷയില്‍ നിന്ന് ഇത്ര പരുക്കന്‍ സമീപനം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ മറുപടി നല്‍കിയിരുന്നു. അവരില്‍ നിന്നും പിന്തുണയാണ് പ്രതീക്ഷിക്കുന്നത് എന്ന് പുനിയ പറഞ്ഞു.

ഗുസ്തി താരങ്ങളുമായി ചര്‍ച്ച നടത്തി മടങ്ങവെ പി.ടി. ഉഷയുടെ വാഹനം സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കാനെത്തിയ വിമുക്തഭടന്‍ തടഞ്ഞു.

പി.ടി ഉഷയുടെ പരാമര്‍ശം തങ്ങളില്‍ വേദനയുണ്ടാക്കി എന്നായിരുന്നു സാക്ഷി മാലിക്കിന്റെ പ്രതികരണം. ഒരു സ്ത്രീയായിട്ടും അവര്‍ തങ്ങളെ പിന്തുണച്ചില്ല. തങ്ങള്‍ക്ക് നീതി ലഭിച്ചിരുന്നെങ്കില്‍ ഇത്തരത്തില്‍ തെരുവില്‍ ഇരിക്കില്ലായിരുന്നുവെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഉഷയെ വിളിച്ചിരുന്നെങ്കിലും അവര്‍ മറുപടിയൊന്നും നല്‍കിയില്ല എന്ന് വിനേഷ് ഫോഗട്ടും ആരോപിച്ചു.

പരാതിയുമായി ബന്ധപ്പെട്ട് ബ്രിജ്ഭൂഷനെ ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഡല്‍ഹി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

എന്നാല്‍ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരാനുള്ള തീരുമാനത്തിലാണ് താരങ്ങള്‍. ഡല്‍ഹി പോലീസില്‍ തങ്ങള്‍ക്ക് വിശ്വാസമില്ല. ഇത് ഒരു എഫ്.ഐ.ആറിന്റെ വിഷയമല്ല. മറിച്ച് ഇത്തരം വ്യക്തികളെ ശിക്ഷിക്കുന്നതിനായുള്ള പോരാട്ടമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker