തിരുവനന്തപുരം: കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവസാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മുതിര്‍ന്ന നേതാക്കളുടെ പരിഭവങ്ങള്‍ പരിഹരിച്ചു. ഇനി കൂടുതല്‍ ചര്‍ച്ചയില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.
പുനഃസംഘടന ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഒറ്റക്കെട്ടായി മുന്നോട്ടുപോകും. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി താരിഖ് അന്‍വര്‍ കേരളത്തിലേക്ക് വരില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിച്ചതായി കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ അവരുടെ വീടുകളില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. ഇന്നലെയായിരുന്നു സന്ദര്‍ശനം. ഇതിന് പിന്നാലെയാണ് മഞ്ഞുരുകല്‍.
ആര്‍.എസ്.പി യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗൗരവതരമായ ചില വിഷയങ്ങള്‍ ആര്‍എസ്പി ഉന്നയിച്ചു. അതിന് ഹ്രസ്വവും ദീര്‍ഘവുമായ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കും. ഉഭയകക്ഷി ചര്‍ച്ച തുടരുമെന്നും സതീശന്‍ പറഞ്ഞു.
ആര്‍എസ്പി ഉന്നയിച്ച പരാതികളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകും. അത്തരക്കാര്‍ ഇനിയുള്ള പുനഃസംഘടനയില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
ചര്‍ച്ചയില്‍ പൂര്‍ണ സംതൃപ്തിയെന്ന് ആര്‍എസ്പിയും പ്രതികരിച്ചു. യുഡിഎഫ് ഒന്നിച്ച് മുന്നോട്ടുപോകുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് മാധ്യമങ്ങളോട് പറഞ്ഞു.