ജയ്പൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണാടക ബുള്‍ഡോസേസിനോട് പരാജയപ്പെട്ട് മലയാള സിനിമാ താരങ്ങളുടെ ടീമായ കേരള സ്‍ട്രൈക്കേഴ്‍സ്. എട്ട് വിക്കറ്റിനാണ് കര്‍ണാടക ടീം കേരളത്തെ തോല്‍പ്പിച്ചത്. സിസിഎല്ലിലെ കേരള സ്‍ട്രൈക്കേഴ്‍സിന്‍റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണ് ഇത്.
ആദ്യ സ്പെല്ലില് കേരള സ്‍ട്രൈക്കേഴ്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില് 101 റണ്‍സ് എടുത്തിരുന്നു. ഇതിന് മറുപടിയായി ബാറ്റ് ചെയ്ത കര്‍ണാടക 5 വിക്കറ്റ് നഷ്ടത്തില് 124 റണ്‍സ് നേടി. ഇതോടെ 23 റണ്‍സിന്‍റെ ലീഡ് കര്‍ണാടക നേടി. തുടര്‍ന്ന് വീണ്ടും പത്തോവര്‍ ബാറ്റിംഗിന് ഇറങ്ങിയ കേരളം 5 വിക്കറ്റ് നഷ്ടത്തില് 105 റണ്‍സ് നേടി. ഇതോടെ 83 റണ്‍സ് വിജയലക്ഷ്യവുമായി എത്തിയ കര്‍ണാടക ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി.
രജീവ്, ജയറാം ഓപ്പണിംഗ് ജോഡി തുടക്കത്തില്‍ തന്നെ 65 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. 13 പന്തില്‍ 31 റണ്‍സ് എടുത്ത് നാലാമത്തെ പന്തിലാണ് ജയറാം വിവേക് ഗോപന്‍റെ ഓവറില്‍ പുറത്തായത്. ഇതേ ഓവറില്‍ തന്നെ 13 പന്തില്‍ 34 റണ്‍സ് എടുത്ത രജീവും മടങ്ങി. തുടര്‍ന്നെത്തിയ ചന്ദന്‍, കൃഷ്ണ എന്നിവര്‍ ഏഴാമത്തെ ഓവറില്‍ കര്‍ണാടക ബുള്‍ഡോസേസിന്‍റെ വിജയം പൂര്‍ത്തിയാക്കി.
18 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ രാജീവ് പിള്ളയാണ് രണ്ടാം സ്‍പെല്ലിലും കേരള സ്‍ട്രൈക്കേഴ്‍സിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ആദ്യ സ്‍പെല്ലില്‍ കര്‍ണാടകയ്‍ക്കെതിരെ 23 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം അവസാന സ്‍പെല്ലില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ 105 റണ്‍സാണ് എടുത്തത്.
രണ്ടാം സ്‍പെല്ലില്‍ സിദ്ധാര്‍ഥ് മേനോനും ഉണ്ണി മുകുന്ദനുമാണ് കേരളത്തിന് വേണ്ടി ഓപ്പണിംഗ് ഇറങ്ങിയത്. കേരളത്തിനായി മോശമല്ലാത്ത തുടക്കം നല്‍കിയ സിദ്ധാര്‍ഥ് മേനോന് പക്ഷേ വൻ സ്‍കോറിലേക്ക് എത്താനായില്ല. 11 പന്തില്‍ 20 റണ്‍സ് എടുത്ത സിദ്ധാര്‍ഥ് മേനോനെ ചന്ദന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കിച്ച സുദീപ് ക്യാച്ച് എടുത്ത് പുറത്താക്കി. തുടര്‍ന്ന് ഇറങ്ങിയ വിജയ് യേശുദാസിന് റണ്‍ ഒന്നും എടുക്കാനായില്ല. രണ്ട് പന്തുകള്‍ മാത്രം നേരിട്ട വിജയ് യേശുദാസ് ഗണേഷിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ചപ്പോള്‍ ബൗണ്ടറി ലൈനിരികെ വെച്ച് ഹനു ക്യാച്ച് എടുക്കുകയായിരുന്നു.
ആദ്യ സ്‍പെല്ലിലെ ടോപ് സ്‍കോറര്‍ രാജീവ് പിള്ളയാണ് നാലാമനായി ഇറങ്ങിയത്. ആദ്യ സ്‍പെല്ലിലെ കൂട്ടുകെട്ട് വീണ്ടും ആവര്‍ത്തിക്കുമെന്ന് കരുതിയെങ്കിലും ഓപ്പണര്‍ ഉണ്ണി മുകുന്ദൻ 13 റണ്‍സ് മാത്രമെടുത്ത് പുറത്തായി. 11 പന്തുകള്‍ നേരിട്ടിരുന്ന കേരള താരം ഉണ്ണി മുകുന്ദനെ പ്രസന്ന വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അംപയര്‍ ഔട്ട് വിളിക്കാത്തതിനെ തുടര്‍ന്ന് ബൗളര്‍ പ്രസന്ന റിവ്യുവിന് പോകുകയും അനുകൂല തീരുമാനം സ്വന്തമാക്കുകയുമായിരുന്നു. ഉണ്ണി മുകുന്ദന് പകരക്കാരനായി ലാല്‍ ജൂനിയറാണ് ക്രീസിലേക്ക് എത്തിയത്. ലാല്‍ ജൂനിയര്‍ 13 പന്തില്‍ 10 റണ്‍സെടുത്ത് റണ്‍ ഔട്ടായി. തുടര്‍ന്ന് ക്രീസിലേക്കെത്തിയ ബാറ്റ്‍സ്‍മാൻ അര്‍ജുൻ നന്ദകുമാര്‍ നാല് പന്തില്‍ നിന്ന് ഒമ്പത് റണ്‍സ് എടുത്തു. അവസാന പന്തില്‍ അര്‍ജുൻ നന്ദകുമാര്‍ റണ്‍ ഔട്ട് ആകുകയായിരുന്നു. രാജീവി പിള്ള പുറത്താകാതെ നിന്നു.
ആദ്യ സ്പെല്ലില് കേരള സ്‍ട്രൈക്കേഴ്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില് 101 റണ്‍സ് നേടിയതിനെ പിന്തുടര്‍ന്ന് ഇറങ്ങിയ കര്‍ണാടകയ്‍ക്ക് വേണ്ടി പ്രദീപ് തിളങ്ങി. 29 പന്തില്‍ പ്രദീപ് 59 റണ്‍സാണ് നേടിയത്. 11 പന്തില്‍ 22 റണ്‍സാണ് കര്‍ണാടകയ്‍ക്കായി കൃഷ്‍ണ നേടിയത്. കരണ്‍ 13 റണ്‍സും നേടി.
നേരത്തെ ടോസ് നേടിയ കേരള സ്‍ട്രൈക്കേഴ്‍സ് ക്യാപ്റ്റൻ കുഞ്ചാക്കോ ബോബൻ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. രാജീവ് പിള്ളയ്‍ക്ക് ഒപ്പം അര്‍ജുൻ നന്ദകുമാറാണ് ഓപ്പണിംഗ് ബാറ്റ്‍സ്‍മാനായി ഇറങ്ങിയത്. കരുതലോടെ നിലയുറുപ്പിച്ച് ബാറ്റ് വീശുകയായിരുന്നു രാജീവ് പിള്ള. എന്നാല്‍ മറുവശത്ത് വിക്കറ്റുകള്‍ ഇടവേളകളില്‍ ഓരോന്നായി വീണു. അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രം എടുത്ത അര്‍ജുൻ നന്ദകുമാര്‍ ആദ്യം മടങ്ങിയത്.
കര്‍ണാടക ബുള്‍ഡോഴ്‍സേഴ്‍സ് നായകൻ പ്രദീപ് അര്‍ജുൻ നന്ദകുമാറിനെ ക്ലീൻ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നിറങ്ങിയ മണിക്കുട്ടനും കേരള സ്‍ട്രൈക്കേഴ്‍സ് സ‍്‍കോര്‍ ബോര്‍ഡില്‍ കാര്യമായി സംഭാവന ചെയ്യാനായില്ല. നാല് പന്തില്‍ നിന്ന് ഒരു റണ്‍സാണ് കേരളത്തിന്റെ മണിക്കുട്ടന് നേടാനായത്. മണിക്കുട്ടന് പകരമിറങ്ങിയ ഉണ്ണി മുകുന്ദനാണ് രാജീവ് പിളളയ്‍ക്ക് മികച്ച പിന്തുണ നല്‍കിയത്. 10 പന്തില്‍ നിന്ന് 19 റണ്‍സ് എടുത്തതിനുശേഷമാണ് ഉണ്ണി മുകുന്ദൻ ക്രീസില്‍ നിന്ന് മടങ്ങിയത്.
ഗംഭീരമായ ഒരു സിക്സിനു ശേഷം വീണ്ടും ഉയര്‍ത്തിയടിക്കാൻ ശ്രമിച്ച ഉണ്ണി മുകുന്ദനെ കരണ്‍ ആര്യാന്റെ പന്തില്‍ ജയറാം ക്യാച്ച് എടുക്കുകയായിരുന്നു. പിന്നീടിറങ്ങിയ സിദ്ധാര്‍ഥ് മേനോൻ മൂന്ന് പന്തില്‍ മൂന്ന് റണ്‍സുമായി നില്‍ക്കെ ടൂര്‍ണമെന്റിലെ തന്നെ അതിഗംഭീരമായ ഒരു ക്യാച്ചില്‍ രാജീവ് പുറത്താക്കി. കരണ്‍ ആര്യാന് തന്നെയായിരുന്നു വിക്കറ്റ്. ആറാമനായിറങ്ങിയ വിവേക് ഗോപൻ ആറ് പന്തില്‍ ആറ് റണ്‍സുമായി പുറത്താകാതെ നിന്നു. രാജീവ് പിള്ളയെയാകട്ടെ ഒരു സിക്സിന് ശേഷം വീണ്ടും ബൗണ്ടറി നേടാനുള്ള ശ്രമത്തില്‍ ഗണേഷിന്റെ പന്തില്‍ ത്രിവിക്രം പിടിച്ചുപുറത്താക്കി. നാല് ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ രാജീവ് പിള്ള 54 റണ്‍സ് എടുത്തത്.