ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടതായി പ്രചരണം; വസ്തുത ഇതാണ്

ന്യൂഡല്‍ഹി: പാകിസ്താന്‍ മുന്‍പ്രധാനമന്ത്രിയും തെഹ്‌രികെ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ അഡിയാല ജയിലില്‍ വച്ച് കൊല്ലപ്പെട്ടുവെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണം. മുറിവേറ്റ് അവശനായി കിടക്കുന്ന ഇമ്രാന്‍ ഖാന്റെ ചിത്രത്തോടൊപ്പമാണ് പ്രചരണം അഴിച്ച് വിട്ടിരിക്കുന്നത്. എന്നാല്‍ ഇത് സത്യമല്ലെന്ന് പാക് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.

പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ജയിലിനുള്ളില്‍ കൊലപ്പെടുത്തിയതായി അവകാശപ്പെടുന്ന ഒരു പോസ്റ്റാണ് വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ജയിലിനുള്ളില്‍ ഇമ്രാന്‍ ഖാനെ വിഷം നല്‍കി കൊലപ്പെടുത്തിയെന്നും അതല്ല മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നുമാണ് അവകാശവാദം.

ഇതോടൊപ്പം തന്നെ പാകിസ്താന്‍ സര്‍ക്കാര്‍ പുറത്തിറക്കിയതാണെന്ന് അവകാശപ്പെടുന്ന ഒരു പത്രക്കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചതായി അഗാധമായ ഖേദത്തോടെയും ഗൗരവത്തോടെയും സ്ഥിരീകരിക്കുന്നുവെന്ന് പറയുന്ന തരത്തിലുള്ളതാണ് പ്രചരിക്കുന്ന പത്രക്കുറിപ്പ്.

സമഗ്രമായ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് സംഭവം നടന്നതെന്ന് എന്നാണ് കുറിപ്പില്‍ പറയുന്നത്. ഇത് വലിയ കോളിളക്കം സൃഷ്ടിച്ചതോടെ പാക് മാധ്യമങ്ങള്‍ വാര്‍ത്ത നിഷേധിക്കുകയും വ്യാജമാണെന്ന് അവകാശപ്പെടുകയും ചെയ്തു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പാകിസ്താന്‍ സര്‍ക്കാരോ ജയില്‍ അധികൃതരോ ഔദ്യോഗിക സ്ഥിരീകരണമോ പ്രസ്താവനയോ പുറത്തിറക്കിയിട്ടില്ല. 2013 ല്‍ ലാഹോറിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ ഫോര്‍ക്ക് ലിഫ്റ്റില്‍ നിന്ന് വീണ് പരിക്കേറ്റ ദൃശ്യങ്ങളാണ് ഇപ്പോഴത്തേത് എന്ന് പറഞ്ഞ് പ്രചരിക്കപ്പെടുന്നത്.

2022-ല്‍ അവിശ്വാസപ്രമേയത്തിലൂടെയാണ് ഇമ്രാന് പ്രധാനമന്ത്രിപദം നഷ്ടമായത്. അഴിമതിയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി 2023 ലാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യുന്നത്. തോഷാഖാനക്കേസില്‍ അദ്ദേഹത്തിന് മൂന്ന് വര്‍ഷത്തെ തടവ് ലഭിച്ചിരുന്നു.

പ്രധാനമന്ത്രിയായിരിക്കെലഭിച്ച വിലകൂടിയ സമ്മാനങ്ങള്‍ സ്വന്തം നിലയ്ക്ക് വിറ്റ് പണമാക്കി എന്നതാണ് ഇമ്രാന്റെപേരിലുള്ള തോഷഖാനക്കേസ്. ഉന്നതപദവിയിലുള്ളവര്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ തോഷഖാന എന്ന വകുപ്പിലേക്ക് കൈമാറണമെന്നാണ് ചട്ടം. അത് ലംഘിച്ചുവെന്ന് കോടതി കണ്ടെത്തിയതോടെയാണ് മൂന്ന് വര്‍ഷം തടവ് ലഭിച്ചത്.

വിവാഹത്തില്‍ മതനിയമ ലംഘനം നടത്തിയെന്നതാണ് മറ്റൊരു കേസ്. ഇതില്‍ ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീബിയ്ക്കും ഏഴുവര്‍ഷം തടവും പിഴയും ശിക്ഷ ലഭിച്ചു. ഇമ്രാന്‍ ഖാന്റെ മൂന്നാം ഭാര്യ ബുഷ്‌റയുടെ ആദ്യ ഭര്‍ത്താവ് ഖവാര്‍ മനേക നല്‍കിയ പരാതിയിലാണ് ഇരുവര്‍ക്കുമെതിരേ ശിക്ഷവിധിച്ചത്.

ഈ വര്‍ഷം തുടക്കത്തില്‍ അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാനെ 14 വര്‍ഷത്തേക്കുകൂടി ശിക്ഷിച്ചു. അല്‍ ഖാദിര്‍ സര്‍വകലാശാല സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പൊതുഖജനാവിന് അയ്യായിരം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നതാണ് കേസ്. മാലിക് റിയാസ് എന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായിക്ക് കള്ളപ്പണ ഇടപാടില്‍ സഹായം നല്‍കി, പകരം ഭൂമി വാങ്ങിയെന്നാണ് ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News