ബെംഗളൂരു: ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങി തട്ടിപ്പിനിരയാകുന്ന വാര്‍ത്തകള്‍ നമ്മള്‍ നിരന്തരം കേള്‍ക്കാറുണ്ട്. ഫോണ്‍ ഓര്‍ഡര്‍ ചെയ്താല്‍ ചിലപ്പോള്‍ നമുക്ക് കിട്ടുക ബാര്‍ സോപ്പായിരിക്കും. കല്ലുകള്‍ വരെ കിട്ടിയവര്‍ വരെയുണ്ട്. വളരെ വിലയേറിയ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് പലപ്പോഴും വലിയ നഷ്ടമുണ്ടാവുക.
ഫ്‌ളിപ്പ്കാര്‍ട്ടിനെ പോലുള്ള ഇതിനെ പ്രതിരോധിക്കുന്നത് ഓപ്പണ്‍ ബോക്‌സ് ഡെലിവെറിയിലൂടെയാണ്. ഇതിലൂടെ ഉപയോക്താവിനെ ബോക്‌സ് തുറന്ന് അതിലുള്ള സാധനങ്ങള്‍ കാണിക്കുകയും, താന്‍ ഓര്‍ഡര്‍ ചെയ്ത സാധനമാണെന്നും ഉറപ്പാക്കിയ ശേഷം മാത്രവുമേ അത് സ്വീകരിക്കേണ്ടതുള്ളൂ എന്നാണ് ഇതുകൊണ്ടുള്ള ഗുണം.
അതേസമയം ഇ കൊമേഴ്‌സ് സൈറ്റില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ബെംഗളൂരുവിലെ ഒരു ദമ്പതിമാര്‍ക്ക് നേരിടേണ്ടി വന്ന അനുഭവം ഞെട്ടിക്കുന്നതായിരുന്നു. അടുത്തിടെയാണ് സംഭവമുണ്ടായത്. ഇവര്‍ ഓര്‍ഡര്‍ ചെയ്ത സാധനത്തിന്റെ പാക്കേജ് എത്തിയപ്പോള്‍ തുറന്നു നോക്കിയ ദമ്പതിമാര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പായിരുന്നു.
ഞെട്ടിവിറച്ചുപോയി ഇവരെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആമസോണില്‍ നിന്നാണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഒരിക്കലും മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യമാണ് ഇവര്‍ ലഭിച്ചിരിക്കുന്നത്. ഇവര്‍ മാത്രമല്ല ലോകത്ത് ഒരാളും മൂര്‍ഖനെ പാക്കേജില്‍ നിന്ന് കിട്ടാന്‍ ആഗ്രഹിക്കില്ല.
ദമ്പതിമാര്‍ രണ്ടും സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരാണ്. ഇവര്‍ എക്‌സ്‌ബോക്‌സിന്റെ ഗെയിമിംഗ് കണ്‍ട്രോളറാണ് വാങ്ങിയത്. എന്നാല്‍ ആവേശത്തോടെ ഇത് തുറന്നുനോക്കിയ ദമ്പതിമാര്‍ വിറച്ചുപോവുകയായിരുന്നു. മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞുവരുന്നതായിരുന്നു കണ്ടതെന്ന് ഇവര്‍ പറയുന്നു. അതേസമയം ഈ പാക്കേജിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
വീഡിയോയില്‍ ഈ പാമ്പ് ആമസോണിന്റെ പാക്കേജ് ബോക്‌സില്‍ നിന്ന് പുറത്തേക്ക് വരാന്‍ ശ്രമിക്കുന്നതാണ് ഉള്ളത്. എന്നാല്‍ പാക്കേജിംഗ് ടാപ്പ് ഉള്ളതിനാല്‍ ഈ പാമ്പിന് പുറത്തേക്ക് വരാന്‍ സാധിക്കാതിരിക്കുകയായിരുന്നു. അതുകൊണ്ട് ആര്‍ക്കും അപകടമൊന്നും ഉണ്ടായില്ല.
സോഷ്യല്‍ മീഡിയ ഒന്നടങ്കം ഈ വിഷയത്തില്‍ വലിയ ആശങ്കയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് എക്‌സ്‌ബോക്‌സ് കണ്‍ട്രോളര്‍ ഇവര്‍ ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത്. അതേസമയം ഡെലിവെറി പാര്‍ട്ണര്‍ ഇവരുടെ കൈയ്യിലാണ് പാക്കേജ് നല്‍കിയത്.
പുറത്ത് വെച്ച് പോകുന്നതായിരുന്നു പതിവ്. സര്‍ജാപൂര്‍ മേഖലയിലാണ് ഞങ്ങള്‍ താമസിക്കുന്നത്. പാമ്പിന്റെയും പാക്കേജിന്റെയും വീഡിയോ ഞങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ദൃക്‌സാക്ഷികളും ഉണ്ടെന്ന് ദമ്പതിമാര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.
പാമ്പ് ആരെയും കടിച്ചിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി. ആമസോണിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ നിന്ന് കാര്യമായ സഹായം ലഭിച്ചില്ല. അവര്‍ ഞങ്ങളെ രണ്ട് മണിക്കൂറോളമാണ് കാത്തുനിര്‍ത്തിച്ചത്. ആമസോണില്‍ നിന്ന് റീഫണ്ട് ലഭിച്ചു. പക്ഷേ ജീവന്‍ പണയം വെച്ചാണോ കാര്യങ്ങള്‍ കളിക്കേണ്ടത്. ഇത് സുരക്ഷാ വീഴ്ച്ച കൂടിയാണ്.
ആമസോണിന്റെ ഭാഗത്ത് നിന്ന് വന്ന പൂര്‍ണമായ വീഴ്ച്ചയാണ്. അതുപോലെ വെയര്‍ഹൗസിംഗിന് വൃത്തിയില്ലാത്തതും, മോശം ഡെലിവെറിയും മേല്‍നോട്ടവുമെല്ലാമാണ് ഇതിന് കാരണമായതെന്നും ദമ്പതിമാര്‍ പറഞ്ഞു.
ആമസോണ്‍ മാപ്പുപറയാനോ, നഷ്ടപരിഹാരം നല്‍കാനോ തയ്യാറായിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ മറുപടി മാത്രമാണ് നല്‍കിയത്. അതേസമയം ആമസോണ്‍ വിഷയത്തില്‍ മാപ്പുചോദിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.