കോട്ടയം: വീടിന്റെ വരാന്തയിൽ രക്തംപുരണ്ട മുണ്ട്. ഗേറ്റിലും മതിലിലും രക്തക്കറ. ഗേറ്റിന് സമീപം മതിലിനോടുചേർന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി. പാതിരാക്കൊലപാതകത്തിന്റെ ബാക്കിപത്രം മാണിക്കുന്നത്തെ വീട്ടുമുറ്റത്തും പരിസരത്തുമുണ്ടായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ 1.45-നാണ് ആദർശിനെ കുത്തിക്കൊലപ്പെടുത്തിയത്. വീടിന്റെ വരാന്തയിലെ സിസിടിവി ക്യാമറയിൽ, ഇവർതമ്മിലുള്ള കൈയാങ്കളിയുടെയും പിന്നീടുണ്ടായ കൊലയുടെയും ദൃശ്യങ്ങൾ ലഭിച്ചു. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.
വീടിന്റെ ഗേറ്റിനടുത്താണ് ആദർശിനെ, പ്രതി അഭിജിത്ത് കുത്തിയത്. അഭിജിത്തിന്റെ അച്ഛൻ അനിൽകുമാറും അമ്മയും ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ചു. കുത്തേറ്റ ആദർശ് റോഡരികിലൂടെ നടന്ന് 15.5 മീറ്റർ അകലെ വെള്ളക്കെട്ടിൽചെന്ന് വീണു. അനിൽകുമാറും ആദർശ് വന്ന കാറിലുണ്ടായിരുന്ന സുഹൃത്ത് റോബിനും ചേർന്നാണ് പുറത്തെത്തിച്ചത്. തുടർന്ന് അതേ കാറിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നാടിനെ നടുക്കിയ കൊലപാതകം നടന്ന വീടിന് മുൻപിൽ തിങ്കളാഴ്‌ച രാവിലെ മുതൽ ജനക്കൂട്ടമായിരുന്നു. സംഭവസ്ഥലത്ത് പോലീസ് അതിരുകെട്ടി. 11.30-ന് ഫൊറൻസിക് സംഘമെത്തി. ഉച്ചയ്ക്ക് 12.30-നാണ് പ്രതി അഭിജിത്തിനെ തെളിവെടുപ്പിനെത്തിച്ചത്. കുത്താനുപയോഗിച്ച കത്തി പ്രതിയുടെ സാന്നിധ്യത്തിൽ പോലീസ് എടുത്തു. പ്രതിയുടെ ചെരുപ്പുകളും ഗേറ്റിന് സമീപത്തുണ്ടായിരുന്നു. ഇതിലും രക്തക്കറയുണ്ട്.
കൊല്ലപ്പെട്ട ആദർശും പ്രതിയും തമ്മിൽ ലഹരി ഇടപാടുകളുണ്ടായിരുന്നു. പ്രതിയിൽനിന്ന് എംഡിഎംഎ കടംവാങ്ങിയതുമായി ബന്ധപ്പെട്ടും ഇരുവരും തമ്മിൽ തർക്കമുണ്ടായി. പ്രതിയുടെ സുഹൃത്തിന്റെ ബൈക്ക് ആദർശിന് പണയംവെച്ച് 10,000 രൂപ വാങ്ങിയിരുന്നു.
ബൈക്ക് തിരികെ എടുക്കാൻ അഭിജിത്തിനെ ഏല്പിച്ച് ഇയാൾ വിദേശത്തേയ്ക്കുപോയി. പണയംവെച്ച ബൈക്ക് അഭിജിത്ത് ആവശ്യപ്പെട്ടെങ്കിലും ഇനിയും പണം തരാനുണ്ടെന്ന കാരണം പറഞ്ഞ് ആദർശ് മടക്കി നൽകിയില്ല. ഇതേച്ചൊല്ലി കഴിഞ്ഞദിവസങ്ങളിൽ ഇരുവരും ഫോണിൽ അസഭ്യവർഷവും ഭീഷണിയും ഉണ്ടായി. അഭിജിത്ത് ആദർശിന്റെ വീട്ടിലെത്തിയും ഇതേച്ചൊല്ലി ഭീഷണി മുഴക്കി.
കൊലപാതകദൃശ്യങ്ങൾ പ്രതിയുടെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ലഹരിക്കേസിൽ അഭിജിത്ത് മുൻപും പ്രതിയാണ്. ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ ചോദ്യംചെയ്ത ശേഷം അഭിജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. പ്രതിയെ കോടതി റിമാൻഡുചെയ്തു.


