അദിതി എസ് നമ്പൂതി കൊലപാതക കേസിൽ ഇന്ന് ശക്ഷാവിധി;സുബ്രഹ്മണ്യൻ നമ്പൂതിരിയും ദേവിക അന്തർജനവും പൊലീസ് കസ്റ്റഡിയിൽ

സുബ്രഹ്മണ്യൻ നമ്പൂതിരിയും ദേവിക അന്തർജനവും പൊലീസ് കസ്റ്റഡിയിൽ; അതിഥി നമ്പൂതിരി കൊലപാതക കേസിൽ ഇന്ന് ശക്ഷാവിധി

കോഴിക്കോട്: കോഴിക്കോട് ഏഴു വയസുകാരി അദിതി എസ് നമ്പൂതിരിയുടെ കൊലപാതകത്തിൽ പ്രതികൾ കസ്റ്റഡിയിൽ. ഇന്നലെ ഹൈക്കോടതി പ്രതികളായ സുബ്രഹ്മണ്യൻ നമ്പൂതിരി, ദേവിക അന്തർജനം എന്നിവർക്ക് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടക്കാവ് പൊലീസാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. രാമനാട്ടുകര വെച്ച് കെഎസ്ആർടിസി ബസിൽ കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്ന സമയത്തായിരുന്നു അറസ്റ്റ്. 2013 ലായിരുന്നു കേസിനാസ്പദമായ സംഭവം. വിചാരണ കോടതി നേരത്തെ പ്രതികളെ കൊലപാതക കുറ്റത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ഇതിനെതിരെ സർക്കാർ അപ്പീൽ നൽകുകയായിരുന്നു. അപ്പീൽ ശരിവെച്ച ഹൈക്കോടതി ഇന്ന് പ്രതികളെ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു

അച്ഛനും രണ്ടാനമ്മയും അതിക്രൂരമായി മര്‍ദ്ദിച്ചും പട്ടിണിക്കിട്ടുമാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. കുട്ടികളെ മര്‍ദ്ദിക്കുന്നതായി ബന്ധുക്കളും പരാതികൾ നൽകിയിരുന്നു. എന്നാല്‍, വിചാരണക്കോടതി ഇവര്‍ കുറ്റക്കാര്‍ അല്ലെന്ന് വിധി പറയുകയായിരുന്നു.

കുട്ടികൾക്കെതിരെയുള്ള ക്രൂര കൃത്യങ്ങളുടെ വകുപ്പുകൾ മാത്രം ചുമത്തി പ്രതികൾക്ക് തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഒന്നാം പ്രതിക്ക് മൂന്ന് വര്‍ഷവും രണ്ടാം പ്രതിക്ക് രണ്ട് വര്‍ഷവുമായിരുന്നു തടവ്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതികളെ ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇന്ന് ഈ കേസിലെ ശിക്ഷയും ഹൈക്കോടതി വിധിക്കുന്നുണ്ട്.

അദിതി എന്ന പേര് കോഴിക്കോട്ടുകാരുടെ മനസ്സിൽ എന്നും നോവിന്റെ ചിത്രമാണ്‌. അദിതി എസ്. നമ്പൂതിരിയെന്ന ആറുവയസ്സുകാരിയുടെ മരണശേഷം ഈസ്റ്റ്‌ഹിൽ ബിഇഎം യുപി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനുവെച്ചപ്പോൾ നെഞ്ചുപൊട്ടിക്കരഞ്ഞ അധ്യാപകരുടെയും കരുന്നുകളുടെയും ചിത്രങ്ങൾ ആരുടെയും മനസ്സിൽനിന്ന്‌ മായില്ല.

2013 ഏപ്രിൽ 29-നാണ് അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രണ്ടാനമ്മ ദേവിക എന്ന റംലത്ത് ബീഗത്തിന്റെയും ക്രൂരപീഡനത്തിനിരയായി അദിതി മരിച്ചത്.കേസിൽ ഒന്നാംപ്രതിയായ സുബ്രഹ്മണ്യന്റെയും രണ്ടാംപ്രതിയായ ദേവികയുടെയും പേരിൽ കൊലക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി ബുധനാഴ്ചയാണ് വിധിച്ചത്.

പട്ടിണിസഹിച്ചും മർദനം ഏറ്റുവാങ്ങി നരകയാതന അനുഭവിച്ചുമാണ് ആ കുരുന്ന് വിടവാങ്ങിയത്. പുതിയകാറും വീടുംവരെ വാങ്ങാനുള്ള സാമ്പത്തികചുറ്റുപാട് കുടുംബത്തിനുണ്ടായിട്ടും ഒരിറ്റ് അന്നംപോലും നൽകാതെയുള്ള കൊടിയപീഡനമാണ് കുട്ടി നേരിട്ടത്. 10 മാസത്തിലേറെ കുഞ്ഞിനെ രണ്ടാനമ്മയും അച്ഛനുംചേർന്ന് പീഡിപ്പിച്ചെന്നാണ് പോലീസ് കണ്ടെത്തിയത്.

കൊടുംപട്ടിണിയും ക്രൂരമർദനവുംമൂലമാണ് മരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ വയറ്റിൽനിന്ന് രണ്ടാഴ്ചമുൻപ് കഴിച്ച മാമ്പഴത്തിന്റെ അവശിഷ്ടങ്ങൾമാത്രമാണ് അന്ന് കണ്ടെത്താനായത്. ഗുഹ്യഭാഗത്ത് തിളച്ചവെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ചിരുന്നതിനാൽ മലമൂത്രവിസർജനത്തിനുപോലും കഴിയാത്തവിധത്തിലായിരുന്നു ആ കുരുന്ന്. കുട്ടിയെ ചവിട്ടിയതിന്റെയും തൊഴിച്ചതിന്റെയും പാടുകൾ ശരീരത്തിൽ കണ്ടെത്തിയിരുന്നു.

അദിതി പീഡനംനേരിട്ടിരുന്നെന്ന് നാട്ടുകാർ നേരത്തേതന്നെ കണ്ടെത്തിയിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ അന്ന് സംഭവത്തിൽ ഇടപെട്ടിരുന്നെങ്കിലും കുടുംബം സഹകരിച്ചിരുന്നില്ല.ആദ്യഭാര്യയും അദിതിയുടെ അമ്മയുമായ ശ്രീജ മരിച്ച് ആറുമാസംകഴിഞ്ഞാണ് ദേവികയെ സുബ്രഹ്മണ്യൻ വിവാഹംചെയ്തത്. സംഭവംനടക്കുന്നതിനുമുൻപ്‌ ദേവിക ആൾമാറാട്ടംനടത്തി മാലകവർന്നകേസിലും പ്രതിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News