ദേശീയപാതയിൽ 4.5 കോടി കവർച്ച; അഞ്ചു മലയാളികൾ റിമാൻഡിൽ; 12 പേർക്ക് വേണ്ടി തിരച്ചിൽ

കാഞ്ചീപുരത്തെ 4.5 കോടി കവർച്ച; അഞ്ചു മലയാളികൾ റിമാൻഡിൽ; 12 പേർക്ക് വേണ്ടി തിരച്ചിൽ

ചെന്നൈ: കാഞ്ചീപുരത്ത് ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി 4.5 കോടിരൂപ കവർന്ന കേസിൽ അറസ്റ്റിലായ അഞ്ചു മലയാളികളെ കോടതി റിമാൻഡ് ചെയ്തു. ഇവരുടെ കൂട്ടാളികളായ 12 പേർക്കായി തമിഴ്‌നാട് പോലീസ് കേരളത്തിൽ തിരച്ചിൽ തുടരുകയാണ്.

മഹാരാഷ്ട്രയിലെ പാഴ്‌സൽ സർവീസ് സ്ഥാപനത്തിന്റെ കാറിൽ കൊണ്ടുപോവുകയായിരുന്ന പണം കാഞ്ചീപുരം ജില്ലയിലെ ആറ്റുപത്തൂരിൽവെച്ച് ഓഗസ്റ്റ് 20-നാണ് കവർന്നത്. കേസിലെ മുഖ്യപ്രതികളായ പാലക്കാട് പെരിങ്ങോട് സ്വദേശി പി.വി. കുഞ്ഞുമുഹമ്മദ് (31), മുണ്ടൂർ സ്വദേശി സന്തോഷ് (42), തൃശ്ശൂർ കോടാലി സ്വദേശി ജയൻ (46), കൊല്ലം സ്വദേശികളായ റിഷാദ് (27), സുജിലാൽ (36) എന്നിവരെ കഴിഞ്ഞ ശനിയാഴ്ചയാണ് കേരളത്തിൽവെച്ച് തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം കാഞ്ചീപുരത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ബെംഗളൂരുവിൽനിന്ന് ചെന്നൈയ്ക്കടുത്ത് സൗക്കാർപ്പേട്ടിലേക്കു പോവുകയായിരുന്ന കാർ തടഞ്ഞാണ് മൂന്നു കാറിലായെത്തിയ യുവാക്കൾ പണം കവർന്നത്. മഹാരാഷ്ട്രയിലെ ബോറിവിലി സ്വദേശി ജതിൻ എന്നയാളുടെ പാഴ്‌സൽ കമ്പനിയുടെ കാറായിരുന്നു ഇത്. കമ്പനിയുടെ ഡ്രൈവർമാരായ പിയൂഷ്‌കുമാർ, ദേവേന്ദ്ര എന്നിവരാണ് പണവുമായി കാറിലുണ്ടായിരുന്നത്. ജതിന്റെ പരാതിയനുസരിച്ച് കേസെടുത്ത പോലീസ് മൊബൈൽഫോൺ ടവറുകൾ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കേരളത്തിലേക്കു കടന്നതായി മനസ്സിലാക്കിയത്.

കേരളത്തിൽനിന്നുള്ള 17 അംഗസംഘമാണ് കവർച്ച നടത്തിയതെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായ അഞ്ചുപേരിൽനിന്ന് കവർച്ചമുതലിന്റെ പകുതി കണ്ടെത്തിയിട്ടുണ്ട്. കൂട്ടുപ്രതികളെ കണ്ടെത്തുന്നതിന് തമിഴ്‌നാട് പോലീസ് സംഘം കേരളത്തിൽ അന്വേഷണം തുടരുകയാണ്. സംഘത്തിലൊരാളായ പി.വി. കുഞ്ഞുമുഹമ്മദിനെ കാണാനില്ലെന്നുകാണിച്ച് ബന്ധുക്കൾ പാലക്കാട് ചാലിശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു. അതിന്റെ അന്വേഷണം നടക്കുമ്പോഴാണ് ഇയാളും കൂട്ടാളികളും കസ്റ്റഡിയിലുണ്ടെന്ന വിവരം തമിഴ്‌നാട് പോലീസിൽനിന്ന് ലഭിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News