കുവൈത്ത് സിറ്റി: മേഖലയെ യുദ്ധഭീതിയിലാഴ്ത്തി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേർക്ക് ഇറാന്റെ ഭാഗത്തുനിന്ന് അപ്രതീക്ഷിത ആക്രമണമുണ്ടായി. ഒരേസമയം ഒട്ടനവധി ക്രൂസ് മിസൈലുകളും സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാൻ സൈന്യം കുവൈത്തിനെ ലക്ഷ്യമിട്ടത്. വിമാനത്താവളത്തിന്റെ ഹൃദയഭാഗമായ മെയിൻ ടെർമിനൽ ഒന്നിന് (T1) നേർക്കാണ് മിസൈലുകൾ പതിച്ചത്. പരിക്കേറ്റവരിൽ ആറ് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് മെഡിക്കൽ വൃത്തങ്ങൾ നൽകുന്ന സൂചന.
ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രധാന ഭാഗങ്ങൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. റൺവേയ്ക്ക് സമീപവും പാസഞ്ചർ ലോഞ്ചിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് വലിയ രീതിയിൽ തീപിടിത്തവുമുണ്ടായി. പരിക്കേറ്റ 56 പേരെയും കുവൈത്തിലെ വിവിധ പ്രമുഖ മിലിട്ടറി-സിവിൽ ആശുപത്രികളിലേക്ക് അടിയന്തരമായി മാറ്റിയിരിക്കുകയാണ്. പരിക്കേറ്റവരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി ജീവനക്കാരും യാത്രക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണം നടന്ന തൊട്ടുപിന്നാലെ തന്നെ കുവൈത്ത് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (DGCA) വിമാനത്താവളത്തിൽ കടുത്ത ജാഗ്രത പ്രഖ്യാപിക്കുകയും തങ്ങളുടെ അടിയന്തര പ്രവർത്തന പദ്ധതി (Emergency Action Plan) സജീവമാക്കുകയും ചെയ്തു. സുരക്ഷാ സേനയും ഫയർഫോഴ്സും ദുരന്തനിവാരണ വിഭാഗവും വിമാനത്താവളത്തിൽ ക്യാമ്പ് ചെയ്താണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പുക നിറഞ്ഞ ടെർമിനലുകളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കൂടുതൽ വ്യോമാക്രമണങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും സിവിൽ ഏവിയേഷൻ അതോറിറ്റി താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇനിയൊരു ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നതുവരെ കുവൈത്തിലേക്ക് വരേണ്ട എല്ലാ അന്താരാഷ്ട്ര സർവീസുകളും മറ്റ് അയൽരാജ്യങ്ങളിലെ സുരക്ഷിതമായ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുമെന്നും (Divert) അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഗൾഫ് മേഖലയിലെ പ്രധാന വ്യോമയാന ഹബ്ബുകളിലൊന്നായ കുവൈത്തിന് നേർക്കുണ്ടായ ഈ ആക്രമണം ആഗോള തലത്തിൽ വലിയ ഞെട്ടലുളവാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ ഇറാCheckനും അമേരിക്കൻ സഖ്യകക്ഷികളും തമ്മിൽ നിലനിൽക്കുന്ന കടുത്ത യുദ്ധസാഹചര്യങ്ങളുടെ തുടർച്ചയായാണ് ഈ നീക്കമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സംഭവത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലെല്ലാം തന്നെ വ്യോമ സുരക്ഷ കർശനമാക്കാൻ ഡിഫൻസ് മന്ത്രാലയങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന ടെർമിനൽ ഒന്ന് ഈ മാസം ഒന്നാം തീയതിയാണ് തുറന്നത്. എയർ ഇന്ത്യ ഉൾപ്പെടെ വിദേശ വിമാനകമ്പനികൾ സർവീസ് നടത്തുന്ന ടെർമിനൽ ആണ് ഇത്. ഇന്ന് (ബുധനാഴ്ച) രാവിലെ കോഴിക്കോട്ടുനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രെസ് ഐഎക്‌സ് 393 വിമാനം പാതി വഴിയിൽവെച്ച് കോഴിക്കോട്ടേക്ക് തന്നെ തിരിച്ചുവിട്ടു.
English Summary
Kuwait International Airport was targeted in a massive missile and drone attack launched by Iran, escalating tensions in the Middle East. The attack directly hit the airport’s main Terminal 1 (T1), causing severe structural damage. According to preliminary reports, at least 56 people were injured, with six currently in critical condition, and all victims have been rushed to hospitals. Following the strike, the Kuwait Directorate General of Civil Aviation (DGCA) activated its emergency response plan and temporarily suspended all flight operations, diverting incoming flights to alternative airports until further notice.

