അടിവസ്ത്രം കുരുക്കായി, രാഷ്ട്രീയ തലവരയും മാറി,എം.എല്‍.എ സ്ഥാനം നഷ്ടപ്പെട്ടു,ആന്റണി രാജു ആറുവര്‍ഷത്തേക്ക് അയോഗ്യന്‍

തിരുവനന്തപുരം: പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു അഭിഭാഷകനായിരിക്കെ ചെയ്ത നിയമലംഘനം മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതത്തിന് മുന്നിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ കോടതി അദ്ദേഹത്തിന് മൂന്ന് വർഷം തടവുശിക്ഷ വിധിച്ചതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യചിഹ്നമായിരിക്കുകയാണ്.

1951-ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച്, രണ്ട് വർഷത്തിന് മുകളിൽ തടവുശിക്ഷ ലഭിച്ച ഒരു ജനപ്രതിനിധിക്ക് ഉടനടി തന്റെ അംഗത്വം നഷ്ടമാകും. ആന്റണി രാജുവിന്റെ കാര്യത്തിൽ ഈ നിയമം വലിയ തിരിച്ചടിയാണ് നൽകുന്നത്. നിലവിലെ എംഎൽഎ സ്ഥാനം നഷ്ടമാകുന്നതിനോടൊപ്പം അടുത്ത ആറ് വർഷത്തേക്ക് അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധിക്കില്ല. നിലവിൽ എംഎൽഎ സ്ഥാനം തെറിച്ചതിനോടൊപ്പം ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് മത്സരിക്കാനും കഴിയില്ല. അപ്പീലിൽ ഹൈക്കോടതിയുടെ വിധിയാകും ഇനി നിർണായകം. നിയമസഭാ സെക്രട്ടേറിയറ്റ് ഉടൻ അയോഗ്യത കൽപ്പിച്ചേക്കും.

1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നുമായി പിടിയിലായ ഒരു ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ വേണ്ടിയാണ് ആന്റണി രാജു ഗൂഢാലോചന നടത്തിയത്. ഐപിസി 120 ബി, 201, 193, 409, 34 എന്നീ ഗൗരവകരമായ വകുപ്പുകളാണ് ആന്റണി രാജുവിനെതിരെ തെളിയിക്കപ്പെട്ടിട്ടുള്ളത്. അന്ന് അഭിഭാഷകനായിരുന്ന അദ്ദേഹം, കേസിലെ പ്രധാന തൊണ്ടിമുതലായ പ്രതിയുടെ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടി അത് മാറ്റിയെന്നാണ് കണ്ടെത്തൽ. അടിവസ്ത്രത്തിന്റെ അളവിൽ വന്ന വ്യത്യാസം കാരണം പ്രതി ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു. കോടതി ജീവനക്കാരനായ ജോസുമായി ചേർന്ന് ആന്റണി രാജു നടത്തിയ ഈ ഗൂഢാലോചന ഹൈക്കോടതിയിലെ കേസിനെ പ്രതിക്ക് അനുകൂലമാക്കി മാറ്റി.

ശിക്ഷാവിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ടെങ്കിലും, അത് രാഷ്ട്രീയമായി എത്രത്തോളം ഗുണകരമാകുമെന്ന് ഉറപ്പില്ല. സാധാരണയായി മേൽക്കോടതികൾ ശിക്ഷ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യാറുണ്ടെങ്കിലും, കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാറില്ല. വിധിക്ക് സ്റ്റേ ലഭിക്കാത്ത പക്ഷം അദ്ദേഹത്തിന്റെ അയോഗ്യത നിലനിൽക്കും.

ആന്റണി രാജു നിയമക്കുരുക്കിലായതോടെ എൽഡിഎഫിലെ ഘടകകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിന്റെ പക്കലുള്ള തിരുവനന്തപുരം സെൻട്രൽ സീറ്റ് സിപിഎം ഏറ്റെടുക്കാൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് തിരിച്ചുപിടിക്കാനും ബിജെപി അക്കൗണ്ട് തുറക്കാനും ശക്തമായ നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിൽ, സീറ്റ് നിലനിർത്താൻ സിപിഎം നേരിട്ട് രംഗത്തിറങ്ങിയേക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News