ബീഫും പോര്‍ക്കും ഡെലിവറി ചെയ്യില്ല; സൊമാറ്റോയില്‍ പുതിയ വിവാദം
കൊല്‍ക്കത്ത: ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോയില്‍ വീണ്ടും വിവാദം. ബീഫും പന്നിയിറച്ചിയും വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് കൊല്‍ക്കത്തയിലെ രണ്ട് മതവിഭാഗത്തില്‍പ്പെട്ട ഡെലിവറി ബോയ്‌സ് പ്രഖ്യാപിച്ചതാണ് പുതിയ വിവാദം. അന്യമതസ്ഥനായ ഡെലിവറി ബോയില്‍ നിന്ന് ഭക്ഷണം വാങ്ങാന്‍ കഴിയില്ലെന്ന ഉപഭോക്താവിന്റെ നിലപാട് നേരത്തെ വന്‍വിവാദമായിരുന്നു.
ഓര്‍ഡര്‍ അനുസരിച്ചുള്ള ഭക്ഷണം ഡെലിവര്‍ ചെയ്യുന്നത് പലപ്പോഴും തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നു എന്ന ആരോപണവുമായി നാളെമുതല്‍ സൊമാറ്റോയിലെ ഡെലിവറി ബോയ്സ് സമരം ആരംഭിക്കും. ഈ ആഴ്ചയില്‍ പെരുന്നാള്‍ നടക്കാനിരിക്കെ ബീഫും പോര്‍ക്കും ഡെലിവര്‍ ചെയ്യാനാവില്ലെന്നും കമ്പനി ജീവനക്കാരുടെ മതവികാരത്തെ ഉപയോഗിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. ബീഫ് വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് ഒരു മതവിഭാഗത്തില്‍പ്പെട്ടവര്‍ പറയുമ്പോള്‍, മറ്റൊരു മതവിഭാഗം പന്നിയിറച്ചി വിതരണം ചെയ്യാന്‍ കഴിയില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സൊമാറ്റോയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് പശ്ചിമബംഗാള്‍ മന്ത്രിയും ഹൗറ എം.എല്‍.എയുമായ റജിബ് ബാനര്‍ജി പ്രതികരിച്ചു.