KeralaNationalNewsNews

മുംബൈയിലെ 51.18 ശതമാനം കുട്ടികളിലും കോവിഡ് ആന്റീബോഡിയെന്ന് സിറോ സര്‍വേ ഫലം

മുംബൈ: മുംബൈയിലെ 18 വയസിൽ താഴെയുള്ള 51 ശതമാനത്തിലധികം കുട്ടികളിലും കോവിഡ് 19 ന് എതിരായ ആന്റീബോഡിയുണ്ടെന്ന് കണ്ടെത്തി. ഏപ്രിൽ ഒന്നിനും ജൂൺ 15 നുമിടെ നഗരത്തിൽ നടത്തിയ സിറോ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. മുംബൈയിലെ പാത്ത് ലാബുകളിൽനിന്ന് ശേഖരിച്ച 2176 രക്ത സാമ്പിളുകളാണ് പരിശോധിച്ചത്.

പത്തിനും 14 നുമിടെ പ്രായമുള്ള 53.43 ശതമാനം കുട്ടികളിലും കോവിഡ് ആന്റീബോഡി ഉള്ളതായി കണ്ടെത്തി. 15 നും 18 നുമിടെ പ്രായമുള്ള 51.39 ശതമാനത്തിലും ഒന്നിനും നാല് വയസിനുമിടെ പ്രായമുള്ള 51.04 ശതമാനത്തിലും ആന്റീബോഡി കണ്ടെത്തി. 18 വയസിന് താഴെ പ്രായമുള്ള മുംബൈയിലെ കുട്ടികളിൽ 51.18 ശതമാനത്തിനും കോവിഡിനെതിരായ ആന്റീബോഡിയുണ്ടെനന്നാണ് ഇതോടെ വ്യക്തമായത്.

2021 മാർച്ചിൽ നടത്തിയ സിറോ സർവേയുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികളിൽ കോവിഡ് ആന്റീബോഡി വൻതോതിൽ വർധിച്ചിട്ടുണ്ടെന്നാണ് സിറോ സർവേയിൽ വ്യക്തമായിട്ടുള്ളതെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ വൃത്തങ്ങൾ അവകാശപ്പെട്ടു. മാർച്ചിൽ നടത്തിയ സിറോ സർവേയിൽ 18 വയസിൽ താഴെയുള്ള 39.4 ശതമാനം കുട്ടികളിൽ കോവിഡ് ആന്റീബോഡി ഉണ്ടെന്നായിരുന്നു കണ്ടെത്തിയത്. രണ്ടാം തരംഗത്തിനിടെ മുംബൈയിലെ നല്ലൊരു ശതമാനം കുട്ടികൾക്കും ആരോഗ്യ സേവനങ്ങൾ തേടുന്നതിനിടെ കോവിഡ് ബാധിച്ചുവെന്നാണ് ആന്റീബോഡിയുള്ളവരുടെ എണ്ണത്തിലെ വർധന വ്യക്തമാക്കുന്നത്.

കർണാടകയിലെ 1.4 ലക്ഷം കുട്ടികൾക്കും മാർച്ച് – മെയ് മാസങ്ങൾക്കിടെ കോവിഡ് ബാധിച്ചിരുന്നുവെന്ന് കഴിഞ്ഞ മാസം നടത്തിയ സിറോ സർവേയിൽ വ്യക്തമായിരുന്നു. ഇതിൽ 40,000ത്തോളം പേർ പത്ത് വയസിൽ താഴെ പ്രായമുള്ളവരാണ്. മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള 8000 കുട്ടികൾക്ക് മെയ് മാസത്തിൽ കോവിഡ് ബാധിച്ചുവെന്ന് അധികൃതർ കഴിഞ്ഞമാസം അറിയിച്ചിരുന്നു. ജില്ലയിൽ ആസമയത്ത് ആകെ കോവിഡ് ബാധിച്ചവരുടെ പത്ത് ശതമാനമാണ് ഇത്. മൂന്നാം തരംഗം സംബന്ധിച്ച ആശങ്കകൾ രാജ്യത്ത് നിലനിൽക്കുന്നതിനിടെയാണ് മുംബൈയിലെയും കർണാടകയിലെയും സിറോ സർവേ ഫലങ്ങൾ പുറത്തുവന്നിട്ടുള്ളത്.

മൂന്നാം തരംഗം ആറ് മുതൽ എട്ടുവരെ ആഴ്ചകൾക്കുള്ളിൽ വരാം എന്നാണ് ഡൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ അഭിപ്രായപ്പെട്ടത്. വൈറസിന് ജനിതക വ്യതിയാനം സംഭവിക്കുന്നതുമായ ബന്ധപ്പെട്ട ആശങ്കകളും നിലനിൽക്കുന്നുണ്ട്. അതിനിടെ മൂന്നാം തരംഗത്തിൽ കുട്ടികളെ വൈറസ് കൂടുതലായി ബാധിക്കുമെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

ഒന്നും രണ്ടും തരംഗത്തിനിടെ കുട്ടികൾ സുരക്ഷിതർ ആയിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ഡോ. ഗുലേറിയ ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നാം തരംഗത്തിൽ കുട്ടികളെ കോവിഡ് ബാധിച്ചാലും മിതമായ തോതിൽ മാത്രമായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സും ഇതിന് സമാനമായ പ്രവചനമാണ് നടത്തിയിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button