സമാധാന സന്ദേശമയച്ച യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയ്ക്ക് പ്രകോപന മറുപടിയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ‘അവനെ ഞാന്‍ തകര്‍ത്തുകളയുമെന്ന് പറഞ്ഞേക്ക്’ എന്നായിരുന്നു പുടിന്‍ സെലന്‍സ്‌കിയ്ക്ക് മറുപടി നല്‍കിയത്. സെലന്‍സ്‌കിയുടെ സമാധാന സന്ദേശവാഹകനും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മുന്‍ ഉടമയുമായ റോമന്‍ അബ്രമോവിച്ചിനോടായിരുന്നു പുടിന്റെ മറുപടി.
യുദ്ധം അവസാനിപ്പിക്കണമെന്ന സെലന്‍സ്‌കിയുടെ കൈപ്പടയിഴുതിയ കുറിപ്പ് അബ്രമോവിച്ച് പുടിനു കൈമാറിയിരുന്നു. ഇത് വായിച്ചതിനു ശേഷമാണ് പുടിന്‍ മറുപടി നല്‍കിയത്. അബ്രമോവിച്ചിന് വിഷബാധയേറ്റതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി കഴിഞ്ഞ ദിവസം ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കണ്ണുകള്‍ നീരുവെച്ച് ചുവപ്പ് നിറമാകുകയും കൈയിലേയും മുഖത്തേയും ത്വക്ക് ഇളകി വരുകയും ചെയ്യുന്നുണ്ട്.
ഈ ലക്ഷണങ്ങള്‍ വിഷബാധയുടേതാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. അബ്രമോവിച്ചിനെക്കൂടാതെ സമാധാന ചര്‍ച്ചകള്‍ക്കായി ശ്രമിച്ച രണ്ട് യുക്രൈന്‍ നയതന്ത്രജ്ഞരും വിഷബാധയുടെ നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാര്‍ച്ച് മൂന്നിന് കീവില്‍ വച്ച് നടന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് അബ്രമോവിച്ചിനും സമാധാനത്തിനായി ശ്രമിച്ച മറ്റ് രണ്ട് നയതന്ത്രജ്ഞര്‍ക്കും വിഷബാധയേറ്റതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ മൂവരേയും കൊലപ്പെടുത്താനല്ല താക്കീത് നല്‍കാന്‍ മാത്രമാണ് വിഷപ്രയോഗത്തിലൂടെ ഇതിന്റെ ആസൂത്രകര്‍ ലക്ഷ്യമിട്ടതെന്ന് ഇന്‍വെസ്റ്റിഗേറ്റര്‍ ക്രിസ്റ്റോ ഗ്രോസേവ് അഭിപ്രായപ്പെട്ടു. 2020ല്‍ പുടിന്റെ മുഖ്യവിമര്‍ശകനായ അലക്സി നവല്‍നിക്ക് നേരെ നടന്നത് മോസ്‌കോയുടെ വിഷപ്രയോഗമാണെന്ന് കണ്ടെത്തിയ സ്വതന്ത്ര ഇന്‍വെസ്റ്റിഗേറ്ററാണ് ക്രിസ്റ്റോ ഗ്രോസേവ്.