മംഗളൂരു: കർണാടക സുള്ള്യ ബെല്ലാരെയിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ രണ്ടു പേര്‍ പ്രവീണിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മംഗളൂരു യുവമോർച്ച ജില്ലാ സെക്രട്ടറിയായ നെട്ടാരു സ്വദേശി പ്രവീണ്‍ (32) ആണ് കൊല്ലപ്പെട്ടത്. ബെല്ലാരെയിലെ ഒരു പൗള്‍ട്രി ഫാമിന്‍റെ ഉടമയായ പ്രവീണ്‍ ഇന്നലെ രാത്രി ഫാം അടച്ച് വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയായിരുന്നു ആക്രമണം.
പ്രാദേശിക സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നിഗമനം. മംഗ്ലൂരുവിൽ മുൻപ് നടന്ന മറ്റൊരു കൊലപാതകത്തിന്‍റെ പ്രതികാരമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. പ്രതികളെ വേഗത്തിൽ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.
പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് കടബ, സുള്ള്യ, പുത്തൂരു താലൂക്കുകളിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.