മംഗ്ലൂരു : സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിൽ ആറ് പേർ കൂടി കസ്റ്റഡിയിൽ. എല്ലാവരും പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരാണ്. ഇതോടെ കസ്റ്റഡിയിലായവരുടെ എണ്ണം 21 ആയി ഉയർന്നു. കേരളാ ബന്ധമുള്ളവരാണ് പ്രതികളെന്ന നിഗമനത്തിലാണ് പൊലീസ്. കേരളാ രജിസ്ട്രേഷൻ ബൈക്കുകളിലാണ് പ്രതികളെത്തിയതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കേരളത്തിലേക്ക് നീളുകയാണ്. പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തും. അന്വേഷണത്തിൽ സഹകരണമാവശ്യപ്പെട്ട് മംഗ്ലൂരു എസ്പി, കാസർകോട് എസ്പിയുമായി സംസാരിച്ചു. സഹായം ഉറപ്പ് നൽകണമെന്ന് കർണാടക ഡിജിപി, കേരള ഡിജിപിയോട് ആവശ്യപ്പെട്ടതായാണ് വിവരം.
രാജസ്ഥാനിലെ കനയ്യ ലാലിനെ പിന്തുണച്ചതിന്‍റെ പേരിലാണ് പ്രവീണ്‍ നെട്ടാരെയുടെ കൊതപാകമെന്നാണ് ബി ജെ പി ആരോപണം. കനയ്യ ലാലിനെ പിന്തുണച്ച് പ്രവീൺ നെട്ടാർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. ഇതിലുള്ള പ്രതികാരമായാണ് കൊലപാതകമെന്നാണ് ബി ജെ പി ആവർത്തിക്കുന്നത്. കനയ്യ ലാലിനെ കൊലപ്പെടുത്തിയ പോലെ കഴുത്ത് മുറിച്ചും മറ്റുമാണ് പ്രവീൺ നെട്ടാരെയേയും കൊലപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്,എസ് ഡി പി ഐ പ്രവർത്തകർ ആണെന്നും ബിജെപി ആരോപിക്കുന്നു. എൻഐഎ അന്വേഷണം എന്ന ആവശ്യവും ബി ജെ പി ഇതിനോടകം ഉയർത്തിയിട്ടുണ്ട്.
പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിലെ അന്വേഷണം ഊർജിതമല്ലെന്നാരോപിച്ച് പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാണ്. രാജി സമ്മർദവുമായി യുവമോർച്ച നിലപാട് കടുപ്പിക്കുകയാണ്. കൂടുതൽ യുവമോർച്ച പ്രവർത്തകർ രാജികത്ത് നൽകിയിട്ടുണ്ട്. ദക്ഷിണ കന്നഡ, കൊപ്പാൽ ജില്ലയിലെ പ്രവർത്തകർ ആണ് ബിജെപി ദേശീയ നേതൃത്വത്തിന് കൂട്ടരാജി കത്ത് നൽകിയത്. ഇതിനിടെ കമ്മാൻഡോ സ്ക്വാഡ് രൂപീകരിച്ച കർണാടക സർക്കാർ അന്വേഷണം ഊർജിതമാക്കുകയാണെന്ന് വ്യക്തമാക്കി. ആസൂത്രിത കൊലപാതകങ്ങൾ തടയാൻ സ്ക്വാഡിന് സ്വതന്ത്ര ചുമതല നൽകി,സർക്കാർ ഉത്തരവിറക്കി. കർണാടക മുഖ്യമന്ത്രിയുടെ ഇന്നത്തെ പരിപാടികൾ എല്ലാം റദ്ദാക്കിയിട്ടുണ്ട്. 11 മണിക്ക് ഡിജിപി മുഖ്യമന്ത്രിയെ കാണുന്നുണ്ട്.