NationalNews

വൈ.എസ്. ശർമിള കോണ്‍ഗ്രസില്‍ ഈയാഴ്ച അംഗത്വമെടുക്കും,കാത്തിരിയ്ക്കുന്നത് ആന്ധ്രയിലെ താക്കോല്‍സ്ഥാനം

ഹൈദരാബാദ്: വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശര്‍മിള കോണ്‍ഗ്രസിലേക്ക്. ഈയാഴ്ചതന്നെ അവര്‍ കോണ്‍ഗ്രസ് അംഗത്വം എടുക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തെലങ്കാനയില്‍ ബി.ആര്‍.എസിന്റെ ആധിപത്യം അവസാനിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍വിജയം നേടിയതിന് പിന്നാലെയാണ് ആന്ധ്രയിലെ ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. ഇക്കൊല്ലമാണ് ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ലക്ഷ്യമാക്കിയാണ് നീക്കങ്ങള്‍.

വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടിയുടെ സ്ഥാപക പ്രസിഡന്റ് ആയിരുന്നു ശര്‍മിള. ഇക്കൊല്ലം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ശര്‍മിളയ്ക്ക് കോണ്‍ഗ്രസ് വലിയ ഉത്തരവാദിത്വങ്ങള്‍ നല്‍കുമെന്നാണ് സൂചന.

വൈ.എസ്.ആര്‍. കോണ്‍ഗ്രസ് വിട്ടുവരുന്നവരെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ആന്ധ്രയില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. പ്രതിപക്ഷമായ ടി.ഡി.പി. സ്വാധീനം ഉറപ്പിക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ അവസരം ഉപയോഗപ്പെടുത്താനും തിരിച്ചുവരാനുമുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റേത്.

ശര്‍മിളയെ കൂടാതെ പത്തോളം വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടി എം.എല്‍.എമാരും മുന്‍ എം.എല്‍.എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button